11 January, 2024 11:46:17 AM
ബസ് ഓടിക്കാന്‍ തയ്യാറാണെങ്കില്‍ റൂട്ട് തരാം; പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകൾ കുറവുളള റൂട്ടുകളിലേക്ക് ബസ് സർവീസ് നടത്താൻ പ്രൈവറ്റ് ബസുടമകൾ തയ്യാറാണ് എങ്കിൽ പെർമിറ്റ് നൽകാമെന്ന് മോട്ടോർ വാഹന വകുപ്പ്. സർവീസുകൾ കുറവുളള ഏതൊക്കെ റൂട്ടുകൾ ഉണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ട്രാൻസ്പോർട്ട് കമ്മീഷറുടെ പുതിയ ഉത്തരവ്. എല്ലാ ഗ്രാമങ്ങളിലും സർവീസുകൾ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഈ പുതിയ നടപടിയിലൂടെ ശ്രമിക്കുന്നത്.
ചില പ്രദേശങ്ങളിൽ ഓട്ടോയും ടാക്സികളും മാത്രം സർവീസ് നടത്തുന്നത് വഴി ജനങ്ങൾക്ക് കനത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ. എന്നാൽ ഇതിനെല്ലാം പുറമേ വകുപ്പിനെ വലയ്ക്കുന്ന മറ്റൊരു ആശങ്ക എന്നത് പുതിയ റൂട്ടുകള്‍ കണ്ടെത്തിയാല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറാകുമോയെന്നതാണ്.
ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതല ഏറ്റതോടെ പല പരിഷ്കാരങ്ങളും വകുപ്പിൽ വന്നുതുടങ്ങിയിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പരിപാടിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് ഗതാഗത മന്ത്രിയും അധികൃതരും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ വ്യക്തമാക്കി. 
തൽഫലമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. ഒട്ടും താമസിയാതെ തന്നെ ഈ ആഴ്ച്ച മുതൽ ഇത് നടപ്പിലാക്കണം എന്നാണ് മന്ത്രിയുടെ നിർദ്ദേശം. നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി മുന്നോട്ട് ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണ്. ഇതുപോലുള്ളവ അനുവദിക്കാനാവില്ല എന്ന് അദ്ദേഹം അറിയിച്ചു. ഇങ്ങനെ ലൈസൻസുമായി ഇറങ്ങുന്നവർ മറ്റുള്ളവർക്ക് ഒരു വലിയ ബുദ്ധിമുട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ ദിനംപ്രതി 500 -ൽ പരം ലൈസൻസ് അടിച്ചു നൽകി ഗിന്നസ് ബുക്കിൽ ഇടം പിടിക്കാമോന്ന് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
വളരെ കർശനമായ ടെസ്റ്റുകൾക്ക് ശേഷമായിരിക്കും ഇനി ലൈസൻസ് ഇഷ്യൂ ചെയ്യുന്നത്. ഹൈവേയിൽ ഇന്നയിടത്ത് അപകടം, റോഡ് അപകടത്തിൽ ഇത്ര പേർ മരണപ്പെട്ടു, അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു തുടങ്ങിയ ഒട്ടനവധി വാർത്തകൾ ദൈനംദിനം നാം കേൾക്കാറുള്ളതാണ്, റോഡിൽ നമുക്ക് മാത്രമാണ് വേഗം എത്തേണ്ടത് എന്നുള്ള ചിന്താഗതിയും കൃത്തമായ ഒരു ഡ്രൈവിംഗ് കൾച്ചർ ഇല്ലാത്തതാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
'8' അല്ലെങ്കിൽ 'H' എന്നിവയെടുത്തു കാണിച്ചു എന്നതിന് മാത്രം ലൈസൻസ് അനുവദിക്കരുത്. വാഹനം വൃത്തിയായി പാർക്ക് ചെയ്യാനും, തിരിച്ചിടാനും, റിവേഴ്സ് കയറ്റി പാർക്ക് ചെയ്യാനുമെല്ലാം അറിയുമോ എന്നത് ടെസ്റ്റിൽ ഉൾപ്പെടുത്തി പരിശോധിച്ചറിയണം. ഇവ കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള വാഹനങ്ങളിൽ കൃത്യമായി ക്യാമറകൾ ഘടിപ്പിക്കണം. 
സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനങ്ങളിലാണ് മിക്കവാറും ടെസ്റ്റ് നടത്തുന്നത്, ഇത്തരം ടെസ്റ്റുകളിൽ ഉദ്യോഗസ്ഥർ സ്ത്രീകൾ ഉൾപ്പടെയുള്ള ആപ്ലിക്കന്റുകളോട് രൂക്ഷമായി സംസാരിക്കുകയും ശകാരിക്കുകയും ചെയ്യുന്നു എന്ന് പലവിധ പരാതികളും വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നിട്ടുണ്ട്.
                                

                                        



