05 February, 2024 11:05:58 AM


മലങ്കര സഭാ തർക്കം: സർക്കാർ ഇടപെടണം - ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ



കൊച്ചി : നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ തർക്കത്തിനു സർക്കാർ ഇടപെട്ടു പരിഹാരമുണ്ടാക്കണമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. പ്രതിസന്ധികൾ നീതി പൂർവകമായും ശാശ്വതമാ യും പരിഹരിക്കാൻ സംസ്‌ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ജസ്‌റ്റിസ് കെ. ടി. തോമസ് കമ്മിറ്റി നിർദേശിച്ച ചർച്ച് ബിൽ നിയമമാക്കി സഭാ പ്രശ്‌നത്തിനു പരിഹാരം കാണണം. യാക്കോബായ സഭാ വിശ്വാസികളുടെ മൃതസംസ്കാരം പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ബില്ലാണു സഭയ്ക്ക് ആശ്വാസമായത്. 

പ്രതിസന്ധി ഘട്ടത്തിൽ ചെയ്ത ഈ നീതി സഭ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര സഭയും |അന്ത്യോക്യ സിംഹാസനവും തമ്മിലെ ബന്ധം 2000 വർഷം പഴക്കമുള്ളതാണ്. ഭാരതത്തിന്റെ സഹിഷ്ണുതയും ഹൃദയവിശാലതയും മൂലമാണ് ആ ബന്ധം ഇന്നും തുടരാൻ കഴിയുന്നത്. 

ഈ മണ്ണിന്റെ സംസ്ക്‌കാരവും പൈതൃകവും ആഴത്തിൽ വേരോടിയ സഭയാണു യാക്കോബായ സഭ. സഭയെ സത്യ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താൻ പോരാടിയ മഹനീയ വ്യക്തിത്വമാണു ശ്രേഷ്ഠബാവായുടേതെന്ന് അദ്ദേഹം പറഞ്ഞു. 

അദ്ദേഹത്തിനു "മലങ്കരയുടെ യാക്കോബ് ബുർദാന' എന്ന സ്ഥാനം നൽകി. ആദിമ നൂറ്റാണ്ടിൽ സഭ പീഡനങ്ങളിലൂടെ ഛിന്നഭിന്നമായപ്പോൾ വിശ്വാസ സംരക്ഷണത്തിനു പ്രയത്നിച്ച പോരാളിയാണു യാക്കോബ് ബുർദാന. മലങ്കര സഭയ്ക്കു യാക്കോബായ സഭ എന്നു പേരുവന്നതും അങ്ങനെയാണെന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഓർമിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K