10 February, 2024 07:48:18 PM


കോട്ടയത്ത് കേരള കോണ്‍ഗ്രസിന് ജയസാധ്യതയില്ല: കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്താല്‍ ജയം ഉറപ്പെന്ന്

കേരള കോണ്‍ഗ്രസിന് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയില്ലെന്ന് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത് തെരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ സുനില്‍ കനുഗൊലുവിന്‍റെ ടീം. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്താല്‍ ജയം ഉറപ്പുള്ള സ്ഥാനാര്‍ഥിയുടെ പേരും കനുഗൊലു കൈമാറി. കോട്ടയം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍ പറ‍ഞ്ഞത് എഐസിസി നിര്‍ദേശപ്രകാരം. കോട്ടയത്തെചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുമോ?



കോട്ടയം: ലോക്സഭയില്‍ കോട്ടയത്ത് വിജയിക്കാന്‍ തക്ക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിനില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. കോട്ടയം സീറ്റ് ഏറ്റെടുക്കാനും പകരം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ പരിഗണന നല്‍കാനുമാണ് കോണ്‍ഗ്രസിന്‍റെ നീക്കം. 14 -ന് നടക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിനെ അറിയിക്കും.

കോട്ടയത്ത് വിജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥി കോണ്‍ഗ്രസിനുണ്ടെന്നും അക്കാര്യം കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ തുറന്നടിച്ചത്. ജയസാധ്യത നോക്കിയാണ് സീറ്റ് എന്നും സുധാകരന്‍ വ്യക്തമാക്കി. 

കോട്ടയത്ത് കേരള കോണ്‍ഗ്രസിന് ജയസാധ്യതയുള്ള സ്ഥാനാര്‍ഥി ഇല്ലെന്ന റിപ്പോര്‍ട്ട് എഐസിസിക്ക് നല്‍കിയത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലുവിന്‍റെ ടീം നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ്. അതേസമയം കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി മല്‍സരിച്ചാല്‍ ഇവിടെ ജയസാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കനുഗൊലു വിജയിപ്പിക്കാന്‍ പറ്റിയ നേതാക്കളുടെ ലിസ്റ്റും എഐസിസിക്ക് നല്‍കി.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുധാകരന്‍റെ പ്രതികരണം. എന്നാല്‍ കെ സുധാകരന്‍ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും കോട്ടയം സീറ്റിന്‍റെ കാര്യത്തില്‍ നേരത്തെ കോണ്‍ഗ്രസുമായി ധാരണയിലെത്തിയതാണെന്നുമാണ് കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് പ്രതികരിച്ചത്. കോട്ടയം കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും മോന്‍സ് പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റ് ഏറ്റെടുക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ശ്രമകരമാകും എന്നുറപ്പാണ്. സീറ്റ് കിട്ടിയില്ലെങ്കില്‍ പിജെ ജോസഫ് എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതേസമയം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ച സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെയും തോമസ് ചാഴികാടന്‍റെയും പേരുകള്‍ വച്ച് കോണ്‍ഗ്രസിന്‍റെ ടീം നടത്തിയ സര്‍വ്വേകള്‍ യുഡിഎഫിന് ആശാവഹമല്ലെന്നായിരുന്നു കണ്ടെത്തിയത്.

അതി നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള ഒരു സീറ്റ് ഘടകകക്ഷി ബന്ധത്തിന്‍റെ പേരില്‍ വിട്ടുകളയണോ എന്നതാണ് കോണ്‍ഗ്രസിന്‍റെ മുന്നിലുള്ള പ്രശ്നം. അതിന് കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന വ്യക്തമായ സന്ദേശമാണ് എഐസിസി കെപിസിസി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

കെപിസിസി നേതൃത്വം കേരള കോണ്‍ഗ്രസിനുവേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കിലും എഐസിസി ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.

മാത്രമല്ല, കോട്ടയത്ത് കേരള കോണ്‍ഗ്രസ് മുന്നോട്ടു വച്ച സ്ഥാനാര്‍ഥി 2008 -നു ശേഷം മാത്രം 4 തവണ പാര്‍ട്ടിയും 4 തവണ മുന്നണിയും മാറിയ ആളാണെന്ന റിപ്പോര്‍ട്ടും എഐസിസിയുടെ പക്കലുണ്ട്. അതിനാല്‍ 14 -ാം തീയതിയിലെ യുഡിഎഫ് സീറ്റ് ചര്‍ച്ചയില്‍ എഐസിസി നിലപാട് നിര്‍ണായകമായിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K