29 May, 2024 08:59:30 AM


പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും



കോട്ടയം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്‍വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എല്‍.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയല്‍ അലോട്ട്മെന്‍റില്‍ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്മെന്‍റില്‍ പരിഗണിക്കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയല്‍ അലോട്ട്മെന്‍റ് പരിശോധിക്കാം.


തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ ഉള്‍പ്പെടുത്തലുകള്‍ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫർമേഷൻ നടത്തണം. ഇതിന് ശേഷം തിരുത്തലുകള്‍ വരുത്താൻ കഴിയില്ല. ഇതിനുള്ള സഹായം സർക്കാർ, എയ്ഡഡ് ഹൈസ്കൂള്‍, ഹയർസെക്കൻഡറികളിലെ ഹെല്‍പ് ഡെസ്ക്കുകളില്‍ ലഭ്യമാണ്. സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാര്‍ഥികളാണ്.


പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്.8 2434 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. മുൻവർഷത്തേക്കാള്‍ 6,600ഓളം അപേക്ഷകർ കൂടുതലാണ്, മലബാറില്‍ മാത്രം 5000 അപേക്ഷകള്‍ വ‍ർധിച്ചു. അതുകൊണ്ടു തന്നെ സീറ്റ് പ്രതിസന്ധിയും രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തേത് പോലെ ട്രയല്‍, ഒന്നാം അലോട്മെന്‍റുകള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്തി മലബാര്‍ മേഖലകളില്‍ ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് സൂചന.


അഡ്മിഷൻ ഗേറ്റ്‍വേ ആയ www.admission.dge.kerala.gov.inലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് Trial Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. www.admission.dge.kerala.gov.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K