10 June, 2024 09:19:02 AM
സുരേഷ് ഗോപി സഹമന്ത്രിയായി ഒതുങ്ങിയതിനു കാരണം സിനിമ എന്ന പിടിവാശി?

ന്യൂഡൽഹി : കേന്ദ്ര കാബിനറ്റ് റാങ്കോ, സ്വതന്ത്ര ചുമതലയോ ഉറപ്പായും ലഭിക്കുമായിരുന്ന സുരേഷ് ഗോപിയെ, കേവലം സഹമന്ത്രിയായി ഒതുക്കിയതിനു കാരണം അദ്ദേഹത്തിൻ്റെ തന്നെ പിടിവാശി മൂലമാണെന്ന് സൂചന.തനിക്ക് സിനിമ ചെയ്യണമെന്ന താൽപ്പര്യം സുരേഷ് ഗോപി പറഞ്ഞതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളെ ചൊടിപ്പിച്ചിരുന്നത്. മാധ്യമ പ്രവർത്തകർക്ക് മുന്നിലും നേതാക്കൾക്കു മുന്നിലും ഈ നിലപാട് ആവർത്തിച്ച സുരേഷ് ഗോപി, ഇപ്പോൾ സ്വയം തിരിച്ചടി ചോദിച്ചു വാങ്ങിയിരിക്കുകയാണ്. രാജ്യം ഭരിക്കേണ്ട മന്ത്രി പദവിയേക്കാൾ സിനിമ അഭിനയത്തിന് പ്രാധാന്യം കൊടുത്ത് സംസാരിച്ചതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ സുരേഷ് ഗോപിക്കുണ്ടായിരുന്ന "വീരപരിവേഷമാണ് " നഷ്ടമായിരിക്കുന്നത്.
സുരേഷ് ഗോപിക്ക് വോട്ട് ചെയ്താൽ തൃശൂരിന് ഒരു കേന്ദ്രമന്ത്രിയെന്ന പ്രചരണത്തിന് വഴി മരുന്നിട്ടത് തന്നെ മോദി ആയിരുന്നു. രാജ്യത്തെ മറ്റൊരു സ്ഥാനാർത്ഥിയുടെ പ്രചരണത്തിനും ഇത്ര താൽപ്പര്യമെടുത്ത് മോദി പോയിട്ടില്ല. ആ താൽപ്പര്യം ഒടുവിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടത്തി കൊടുക്കുന്നതിൽ വരെയാണ് എത്തിയിരുന്നത്. ഇതെല്ലാം തന്നെ സുരേഷ് ഗോപി വിജയിച്ചാൽ കേന്ദ്ര മന്ത്രിയാകുമെന്ന പ്രചരണത്തിന് വിശ്വാസ്യത നൽകുന്നതായിരുന്നു. ഇതെല്ലാം മറന്നാണ് വിജയിച്ച ശേഷം കേവലം സിനിമാ താൽപ്പര്യത്തിന് പ്രാമുഖ്യം കൊടുത്ത് സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഈ നിലപാട് വോട്ട് ചെയ്തവരോടുള്ള അവഹേളനമാണെന്ന അഭിപ്രായം വരെ പരിവാർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിട്ടുണ്ട്. സിനിമയിൽ തുടരാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് സുരേഷ് ഗോപി മത്സരിച്ചതെന്ന ചോദ്യമാണ് നിഷ്പക്ഷരായ തൃശൂരിലെ വോട്ടർമാരും ചോദിക്കുന്നത്. സിനിമയിലെ അഭിനയം രാഷ്ട്രീയത്തിൽ വേണ്ടന്ന പ്രതികരണങ്ങളും സോഷ്യൽ മീഡിയകളിൽ സജീവമാണ്.
പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഒരു ജനപ്രതിനിധി ഒരിക്കലും എടുക്കാൻ പാടില്ലാത്ത നിലപാടാണ് സുരേഷ് ഗോപി തുടക്കത്തിൽ തന്നെ സ്വീകരിച്ചതെന്ന വികാരമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനുള്ളത്. ഈ ഘട്ടത്തിലാണ് ജോർജ് കുര്യനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
കേന്ദ്ര നേതൃത്വത്തിൻ്റെ അനിഷ്ടം അവസാന നിമിഷം വരെ തുടർന്നത് കൊണ്ടാണ്, ഡൽഹിയിൽ എത്താനുള്ള നിർദ്ദേശം ഏറ്റവും ഒടുവിൽ മാത്രം സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നത്. അതാകട്ടെ കേരളത്തിൽ ആദ്യമായി ലോക സഭയിലേക്ക് വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി എന്ന പരിഗണനകൊണ്ടു മാത്രമായിരുന്നു. എങ്കിലും കേന്ദ്ര നേതാക്കളുടെ അനിഷ്ടം അവർ സഹമന്ത്രിസ്ഥാനത്തിൽ ഒതുക്കിയതിലൂടെ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. സുരേഷ് ഗോപിക്ക് പുറമെ ജോർജ് കുരുനെ സഹമന്ത്രിയാക്കിയതും, ബി.ജെ.പി നേതൃത്വത്തിൻ്റെ തന്ത്രപരമായ നിലപാട് മൂലമാണ്.
അതേസമയം, സുരേഷ് ഗോപിയുടെ പിടിവാശിയും സഹമന്ത്രിയായി ഒതുക്കപ്പെട്ടതും കേരളത്തിലെ ബി.ജെ.പിയിലും ചൂടുള്ള ചർച്ചക്ക് കാരണമായിട്ടുണ്ട്. 'താൻ സിനിമയിൽ അഭിനയിക്കണമെന്ന് പിടിവാശി പിടിച്ചാൽ അത് ഒടുവിൽ അംഗീകരിക്കപ്പെടുമെന്നും, പ്രധാനമന്ത്രി സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സ്ഥാനമെങ്കിലും നൽകുമെന്നുമാണ് ' സുരേഷ് ഗോപി കരുതിയിരുന്നതെന്നാണ്, ബി.ജെ.പിക്കുള്ളിലെ അണിയറ സംസാരം. എന്നാൽ, സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായതോടെ, സുരേഷ് ഗോപിയുടെ ആ പ്രതീക്ഷയാണിപ്പോൾ തകർന്നിരിക്കുന്നത്. വി മുരളീധരനെ പോലെ ഒരു സഹമന്ത്രി എന്നതിന് അപ്പുറം, സ്വതന്ത്രമായി ഒരു തീരുമാനവും എടുക്കാൻ ഇനി ലഭിക്കാൻ പോകുന്ന വകുപ്പിൽ സുരേഷ് ഗോപിക്ക് കഴിയുകയില്ല.
തൃശൂരിൽ നിന്നും 75,000 ത്തോളം വോട്ടുകൾക്ക് അട്ടിമറി വിജയം നേടിയ സുരേഷ് ഗോപിക്ക് കാബിനറ്റ് റാങ്കോടെയോ അതല്ലെങ്കിൽ സ്വതന്ത്ര ചുമതലയോ നൽകുമെന്നാണ് കേരളത്തിലെ ബി.ജെ.പി പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ കരുതിയിരുന്നത്. എന്നാൽ ഒടുവിൽ സുരേഷ് ഗോപിയെ സഹമന്ത്രിയിൽ ഒതുക്കിയത് ഇപ്പോൾ തൃശൂരിലെ പ്രവർത്തകരെയും വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്.
സിനിമ അഭിനയം തുടരണമെന്ന സമ്മർദ്ദം സുരേഷ് ഗോപിക്കു മുന്നിൽ സിനിമാ രംഗത്തെ പ്രമുഖർ ശക്തമായി ഉന്നയിച്ചതാണ്, ഇത്തരം ഒരു നിലപാടിൽ സുരേഷ് ഗോപി ഉറച്ചു നിൽക്കാൻ കാരണമായതെന്നാണ് ബി.ജെ.പി പ്രവർത്തകർ സംശയിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ നിന്നും വിജയിക്കുമെന്നും കേന്ദ്രമന്ത്രിയാകുമെന്നും ഉറപ്പായതോടെ, ഫല പ്രഖ്യാപനത്തിന് തൊട്ട് മുൻപ് മമ്മുട്ടി കമ്പനി ഉൾപ്പടെ സുരേഷ് ഗോപിയുമായി പുതിയ സിനിമയ്ക്കു വേണ്ടി കരാർ ഒപ്പിട്ടതും, സംഘപരിവാർ കേന്ദ്രങ്ങൾ അസ്വാഭാവികമായാണ് കാണുന്നത്. സിനിമാ പ്രമുഖരുടെ കെണിയിൽ വീണ് പോയ സുരേഷ് ഗോപി, ലഭിക്കുമായിരുന്ന ഉന്നത പദവി നഷ്ടപ്പെടുത്തിയതായാണ്, രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നത്.
                                

                                        



