08 August, 2024 09:16:14 AM


സിബിഐ എന്നു പറഞ്ഞ് വിഡിയോ കോൾ: 15 ലക്ഷം രൂപ നഷ്ടമായെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്



പത്തനംതിട്ട: ഓൺലൈൻ തട്ടിപ്പിന് ഇരയായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പൊലീസിൽ പരാതി നൽകിയത്. സിബിഐയിൽ നിന്നാണ് എന്ന് പറഞ്ഞ് ഒരാൾ വിളിക്കുകയും കള്ളപ്പണക്കേസിൽ പ്രതിയാണെന്ന് പറഞ്ഞ് വ്യാജരേഖകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം രണ്ടിനാണ് സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വരുന്നത്. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. വ്യാജ രേഖകൾ കാണിക്കുകയും ചെയ്തു. മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽനിന്നു കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 മൊബൈൽ നമ്പരുകളിൽനിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു.

ഓൺലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. കേസിൽനിന്ന് ഒഴിവാക്കാൻ 15 ലക്ഷം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് 15,01,186 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ സെല്ലിലും പരാതി നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K