27 August, 2024 11:53:45 AM


ചലച്ചിത്ര സംവിധായകൻ എം.മോഹൻ അന്തരിച്ചു



കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന മോഹന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ഇറങ്ങിയ ദ കാമ്പസാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. 

പക്ഷെ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍.  എം കൃഷ്ണന്‍ നായര്‍, ഹരിഹരന്‍ തുടങ്ങിയവരുടെ സഹായി എന്ന നിലയ്ക്കാണ് മോഹന്‍ സിനിമ രംഗത്ത് തുടക്കം കുറിച്ചത്. ഇരിങ്ങാലക്കുടക്കാരനായ മോഹന്‍ ചെറുപ്പത്തിലെ സിനിമയോടുള്ള താല്‍പ്പര്യത്താല്‍ മദ്രാസില്‍ എത്തുകയായിരുന്നു.

1978 ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു മോഹന്‍റെ ആദ്യ ചിത്രം.  പിന്നീട് ജോൺപോളും പത്മരാജനുമായി ചേര്‍ന്ന് ഇദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ എല്ലാം സാമ്പത്തികമായും കലപാരമായും വിജയങ്ങള്‍ നേടിയവയായിരുന്നു. 'രണ്ടു പെൺകുട്ടികൾ' എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്. 

മലയാളസിനിമയിലെ സുവർണ്ണ കാലമായ എണ്‍പതുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു. പ്രണയമായിരുന്നു പലപ്പോഴും മോഹന്‍റെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്. ഒപ്പം തന്നെ മോഹന്‍ ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K