10 September, 2024 08:57:28 AM


ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം



കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ഉഷാറാണി (48), മകള്‍ സായ് മോനിഷ (4) എന്നിവരും അപകടത്തില്‍ മരിച്ചു. ഉഷാറാണിയുടെ ഭര്‍ത്താവ് ജയവേല്‍, സായ് മോനിഷയുടെ ഇരട്ട സഹോദരന്‍ സായ് മോഹിത് (4) എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവള്ളൂരില്‍ താമസിച്ചിരുന്ന കുടുംബം ഇന്നലെ ഉഷാറാണിയുടെ മാതാപിതാക്കളെ കാണാന്‍ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റെഡ് ഹില്‍സ്-തിരുവള്ളൂര്‍ ഹൈറോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പരിക്കേറ്റ ജയദേവും മകനും അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു. റെഡ്ഹില്‍സ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനസിന്റെ ഭാര്യ - ഫാത്തിമ നസ്‌റിന്‍. മക്കള്‍ - അമാന ഫാത്തിമ, തെന്‍ഹ ഫാത്തിമ. പിതാവ് - മുഹമ്മദലി. മാതാവ് - റഹ്‌മത്ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K