26 April, 2025 09:12:51 AM
നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്‍റെ വെടിവെപ്പ്; തിരിച്ചടിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താൻ സൈന്യത്തിന്‍റെ വെടിവെപ്പ്. പാക് സൈന്യത്തിന്‍റെ വിവിധ പോസ്റ്റുകളില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലർച്ചെയും ചെറിയ തോതില്‍ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് വെടിവെപ്പ് നടന്നതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് സൈന്യം വെടിവെച്ചതിന് പിന്നാലെ ഇന്ത്യൻ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ വെള്ളിയാഴ്ച പുലർച്ചെ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പില്‍ ഒരു ഭീകരരും രണ്ട് സുരക്ഷാസേനാംഗത്തിനും പരിക്കേറ്റു. അതേസമയം, പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരർക്കായുള്ള സംയുക്തസേനയുടെ വ്യാപക തിരച്ചില്‍ പുരോഗമിക്കുകയാണ്.
പീർപഞ്ചാല്‍ വന മേഖലയിലാണ് സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നത്. ഭീകരരുടെ വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ സൈന്യം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ച്- രജൗരി ജില്ലകളിലെയും പീർപഞ്ചാല്‍ വന മേഖലയിലെയും സുരക്ഷാ സ്ഥിതിഗതികള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തി.