27 April, 2025 12:23:13 PM
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും നാളെ ചോദ്യം ചെയ്യും

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനായി എക്‌സൈസ് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും ചോദിച്ചറിയുക. സിനിമാ സെറ്റുകളില്‍ ലഹരി ഇടപാട് നടന്നോ എന്നാണ് സംശയം. കേസില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ താരങ്ങളെയും പ്രതിചേര്‍ക്കും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിനും സാധ്യതയുണ്ട്.
ഹൈബ്രിഡ് കഞ്ചാവുകേസിലെ പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയായിരിക്കും ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുക. ഇവര്‍ തസ്ലീമയ്ക്ക് പണം കൈമാറിയത് പാലക്കാട് സ്വദേശിയായ മോഡല്‍ വഴിയാണെന്ന് സംശയമുണ്ട്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, കൊച്ചിയിലെ മോഡല്‍, ബിഗ് ബോസ്സ് താരം, സിനിമ മേഖലയിലെ മറ്റൊരാള്‍ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പ്രതികള്‍ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ലാറ്റിലും കഞ്ചാവ് പിടികൂടിയ ആലപ്പുഴ ഓമനപ്പുഴയിലെ റിസോര്‍ട്ടിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.