28 April, 2025 10:12:27 AM


തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറി; അമ്മയ്‌ക്കെതിരെ കേസ്



തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ അനധികൃതമായി കൈമാറ്റം ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂർ സ്വദേശിക്കാണ് കുഞ്ഞിനെ കൈമാറിയത്. പ്രസവിച്ച് ദിവസങ്ങൾക്കകമാണ് അമ്മയുടെ ബന്ധു വഴി കുട്ടിയെ കൈമാറിയത്. വിവരം ആരോഗ്യ പ്രവർത്തകർ പൊലീസിലറിയിക്കുകയും പ്രാഥമികാന്വേഷണത്തിനു ശേഷം അമ്മയ്ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

വിവാഹിതയായ യുവതി മറ്റൊരാളുമായി പ്രണയത്തിലാവുകയും ഇയാളുമൊന്നിച്ച് താമസമാവുകയും ചെയ്തു. ഈ ബന്ധത്തിൽ യുവതി ഗർഭിണിയാവുകയും മാസങ്ങൾകഴിഞ്ഞ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് തിരികെ ഭർത്താവിന്റെ അടുത്തെത്തിയ യുവതിയെ ഭർത്താവും കുടുംബവും സ്വീകരിച്ചെങ്കിലും കുട്ടിയെ ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ടു. തുടർന്നാണ് ബന്ധു വഴി കുട്ടിയെ കോയമ്പത്തൂർ സ്വദേശിക്ക് കൈമാറിയത്. എന്നാൽ പണം വാങ്ങിയല്ല കുട്ടിയെ കൈമാറിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടിയെ തിരികെ എത്തിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 15 നാണ് തിരുവാണിയൂർ സ്വദേശിയായ യുവതി തൃപ്പൂറിത്തുറ താലൂക്ക് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. 19ന് ഇവർ കുഞ്ഞിനെ കൈമാറി. കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവർത്തകരാണ് കുട്ടി അമ്മയോടൊപ്പമില്ലെന്ന വിവരമറിയുന്നത്. തുടർന്ന് ഇക്കാര്യം ആരോഗ്യ പ്രവർത്തകർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്തതാണെന്ന് വ്യതക്തമായത്. നിർധന കുടുംബമായതിനാൽ അടുത്ത ബന്ധുവിന് കൈമാറിയെന്നാണ് യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K