30 April, 2025 05:38:22 PM


മാലയിലെ പുലിപ്പല്ല്‌: റാപ്പർ വേടന് ജാമ്യം



കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.

വേടന്റെ മാനേജരെ ചോദ്യം ചെയ്യണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. അവരെ ചോദ്യം ചെയ്താല്‍ മാത്രമേ ഉറവിടം അറിയാന്‍ സാധിക്കുകയുള്ളൂ. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നല്‍കിയത് എന്ന് പറയുന്നുവെന്നും എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വേടനും കോടതിയില്‍ വ്യക്തമാക്കി. ഒരു സാധാരണക്കാരന് എങ്ങനെയാണ് പുലിപ്പല്ല് കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുകയെന്ന് ചോദിച്ച വേടന്‍ സമ്മാനമായി ലഭിച്ചപ്പോള്‍ വാങ്ങിയതാണെന്നും പറഞ്ഞു. തന്റെ കൈവശമുള്ളത് പുലിപ്പല്ലാണെന് അറിയില്ലായിരുന്നുവെന്നും അറിയാമായിരുന്നെങ്കില്‍ സൂക്ഷിക്കില്ലായിരുന്നുവെന്നും വേടന്‍ പറഞ്ഞു. മൃഗവേട്ട നിലനില്‍ക്കില്ലെന്ന് വേടന്റെ അഭിഭാഷകനും വാദിച്ചു.

എന്നാല്‍ അറിവില്ല എന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വേടന്‍ മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. തൊണ്ടി മുതല്‍ കണ്ടെടുത്തിട്ടുണ്ടെന്നും വനംവകുപ്പ് കസ്റ്റഡി നീട്ടി ചോദിച്ചില്ലെന്നുമായിരുന്നു വേടന്റെ വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും വേടന്‍ ആവശ്യപ്പെടുകയായിരുന്നു. രാജ്യം വിട്ട് പോകില്ല, പാസ്‌പോര്‍ട്ട് കൈമാറാന്‍ തയ്യാറാണെന്നും വേടന്‍ കോടതിയില്‍ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928