01 May, 2025 06:15:02 PM


കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍



കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്, ഭാര്യ ഭാര്യ ബിന്‍സി ഡിഫന്‍സില്‍ നഴ്സാണ്. ഇന്നലെ നൈറ്റ് ഡ്യൂറ്റി കഴിഞ്ഞാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. രാവിലെ കെട്ടിട കാവല്‍ക്കാരനാണ് ഇരുവരെയും മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നു വരുന്നതിനിടെയാണ് മരണം.

ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ബിന്‍സിയും സൂരജും തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ ശബ്ദവും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K