03 May, 2025 03:27:03 PM
പഹല്‍ഗാം ആക്രമണം; പാകിസ്താനില്‍ നിന്നുളള ഇറക്കുമതികള്‍ നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്താനില്‍ നിര്‍മ്മിക്കുന്നതോ അവിടെനിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഓയില്‍ സീഡുകള്‍, പഴങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. 2019-ലെ പുല്‍വാമ ആക്രമണത്തിനുശേഷം പാകിസ്താന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം തീരുവ ചുമത്തിയതോടെ ഇറക്കുമതി കുറഞ്ഞിരുന്നു.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു വിദേശ വിനോദസഞ്ചാരിയുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരണ്‍വാലിയിലെ പൈന്‍മരക്കാടുകളില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.
സിന്ധു നദീജല കരാര്‍ റദ്ദാക്കി. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനമായത്.