14 May, 2025 09:58:34 AM
നോയിഡയിൽ ടോയ്ലെറ്റ് പൊട്ടിതെറിച്ചു; യുവാവിന് മുഖത്തുൾപ്പടെ പൊള്ളലേറ്റു

നോയിഡ്: ടോയ്ലെറ്റ് പൊട്ടിതെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ആഷു എന്ന യുവാവിനാണ് പരിക്കേറ്റത്. നോയിഡയിലാണ് സംഭവം. യുവാവിൻ്റെ ശരീരത്തിൽ 35 ശതമാനത്തോളം പൊട്ടിതെറിയിൽ പൊള്ളലേറ്റതായാണ് വിവരം. വൈദ്യുതി തകരാറുകളല്ല സ്ഫോടനത്തിന് പിന്നിലെ കാരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മീഥെയിന്‍ വാതകം അടിഞ്ഞുകൂടിയാൽ ചില സമയങ്ങളിൽ ഇത്തരം പൊട്ടിതെറികൾക്ക് സാധ്യതകളുണ്ടെന്നാണ് നിലവിലെ നിഗമനം. പൊട്ടിതെറിച്ച ടോയ്ലെറ്റിൻ്റെ പൈപ്പുകൾ നേരിട്ട് അഴുക്കുചാലിൽ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴിയാകാം അപകടകരമായ വാതകമെത്തിയതെന്നുമാണ് കരുതുന്നത്.
പൈപ്പുകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്ന് പ്രദേശവാസികൾ പറയുന്നു. പരിമിതമായ കുളിമുറി സ്ഥലങ്ങളിലും മലിനജല ലൈനുകളിലും മിഥെയൻ അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കുടുതലാണ്. പ്രത്യേകിച്ച് ഡ്രെയിനുകൾ അടഞ്ഞിരിക്കുമ്പോഴോ വായുസഞ്ചാരം കുറയുമ്പോഴോ ഇവ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ സംവിധാനങ്ങളെല്ലാം സാധാരണയായാണ് പ്രവർത്തിക്കുന്നതെന്നും മറ്റെന്തെങ്കിലും കാരണമാവാം പൊട്ടിതെറിക്ക് കാരണമെന്നും ഗ്രേറ്റർ നോയിഡ അതോറിറ്റിയിലെ സീനിയർ മാനേജർ എ പി വർമ്മ പറയുന്നു. അതേ സമയം, അപകടത്തിനിരയായ അഷുവിൻ്റെ മുഖത്തുൾപ്പടെ പൊള്ളലേറ്റതായി കണ്ടെത്തി. പൊള്ളലേറ്റതിന് പിന്നാലെ യുവാവിനെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു.