16 May, 2025 12:02:42 PM


'ആ കത്തികൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലൂ കോണ്‍ഗ്രസേ'- ധീരജിന്‍റെ പിതാവ്



കണ്ണൂര്‍: മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പ്രതികരണവുമായി ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് രാജേന്ദ്രന്‍. ധീരജിനെ കൊന്ന കത്തി കയ്യിലുണ്ടെങ്കില്‍ അതുകൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലണം എന്ന് രാജേന്ദ്രന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. മൂന്നര വര്‍ഷമായി വേദനയില്‍ കഴിയുന്ന കുടുംബത്തെ ഓരോന്ന് പറഞ്ഞ് കോണ്‍ഗ്രസ് വീണ്ടും കുത്തിനോവിക്കുകയാണെന്നും അന്ന് കൊലപാതകം നിഷേധിച്ചവര്‍ തന്നെ ഇന്ന് തങ്ങളാണ് ധീരജിനെ കൊന്നതെന്ന് ഏറ്റുപറയുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. 

'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടി'ല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കൊലവിളി മുദ്രാവാക്യം.  'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണിയും മുദ്രാവാക്യത്തിലുണ്ട്. പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

'ഗാന്ധിയന്‍ ആശയങ്ങളിലൂടെ നടന്ന് ഏകദേശം 45 വര്‍ഷത്തിലധികം ഒരു കോണ്‍ഗ്രസ് അനുഭാവിയായതിന്, ഇക്കാലമത്രയും കോണ്‍ഗ്രസിനും സുധാകരനും വോട്ട് ചെയ്തതിന് എനിക്ക് കിട്ടിയ പ്രതിഫലമാണോ എന്റെ മകന്‍ ധീരജിന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസ് പറയണം. മൂന്നര വര്‍ഷത്തിലധികമായി ഞങ്ങളിവിടെ വേദനയിലും ദുഖത്തിലും കഴിയുമ്പോള്‍ വീണ്ടും വീണ്ടും ഓരോ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ കുത്തിനോവിക്കുകയാണ്. നേരത്തെ ധീരജിനെ കൊന്നത് അവരല്ല എന്ന് പറഞ്ഞെങ്കില്‍ ഇപ്പോള്‍ അവര്‍ തന്നെ പറയുന്നു ധീരജിനെ കൊന്നത് അവരാണെന്ന്. അവരുടെ കയ്യില്‍ ആ കത്തിയുണ്ടെങ്കില്‍ ആ കത്തി കൊണ്ടുവന്ന് ഞങ്ങളെക്കൂടി കുത്തിക്കൊല്ലണം. അല്ലെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് ഞങ്ങള്‍ ചെല്ലാം. ജീവച്ഛവമായി ജീവിക്കുന്ന മൂന്ന് ജീവനുകളുണ്ട് ഇവിടെ. ആ കത്തികൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലുവാന്‍ കോണ്‍ഗ്രസേ നിങ്ങള്‍ തയ്യാറാകണം. അത്രയ്ക്ക് വേദനയുണ്ട്.'-രാജേന്ദ്രന്‍ പറഞ്ഞു.

2022 ജനുവരി പത്തിനാണ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. ക്യാംപസിന് പുറത്തുവെച്ചാണ് ധീരജിനും മറ്റ് രണ്ടുപേര്‍ക്കും കുത്തേറ്റത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുള്‍പ്പെടെ എട്ടുപേരായിരുന്നു കേസിലെ പ്രതികള്‍. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്കുളളില്‍ നിഖില്‍ പൈലിക്ക് ജാമ്യം ലഭിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K