17 May, 2025 09:53:10 AM
കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ല- സംസ്ഥാന വിവരാവകാശ കമ്മീഷന്‍

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നും ഇത് കുറ്റമാണെന്നും വിവരാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ അബ്ദുള്‍ ഹക്കിം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. റൂള്‍ 12 പ്രകാരം എല്ലാ വിവരങ്ങളും നല്‍കുന്നത് കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ പ്രൊസീഡിംഗ്‌സ് അല്ലാതെ മറ്റൊരു വിവരവും നിഷേധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
സുപ്രിംകോടതി ഉള്‍പ്പെടെ കോടതി നടപടിക്രമങ്ങള്‍ അടക്കം പൂര്‍ണമായും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന കാലമാണിതെന്ന് വിവരാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അതിനിടെയാണ് ചില കീഴ്‌ക്കോടതി ജീവനക്കാര്‍ അപേക്ഷിക്കുന്ന വിവരങ്ങള്‍ പോലും നിഷേധിക്കുന്നത്. ഇത് ഗുരുതരമായ കുറ്റമാണ്. ശിക്ഷാര്‍ഹവുമാണെന്നും ഉത്തരവിലൂടെ വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പരിഗണനയിലിരിക്കുന്നതായ കാര്യങ്ങള്‍ മാത്രമേ പങ്കുവയ്ക്കാന്‍ പാടില്ലാതുള്ളൂ എന്നും വിവരാവകാശ കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.