07 June, 2025 04:31:51 PM
'ലഹരിയാവാം ഫുട്ബോളിനോട്'; എട്ടടി ഉയരമുള്ള കൂറ്റൻ ട്രോഫിയുമായി റോഡ് ഷോ

കടനാട്: എട്ടടി ഉയരമുള്ള കൂറ്റൻ ട്രോഫിയുമായി 'ലഹരിയാവാം ഫുട്ബോളിനോട്' എന്ന സന്ദേശവുമായി സംഘാടകർ നടത്തിയ വിളംബരജാഥ ഹൃദ്യമായി. യുണറ്റഡ് എഫ് സി കടനാട് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ മുന്നോടിയാണ് പടുകൂറ്റൻ ട്രോഫിയുമായി റോഡ് ഷോ നടത്തിയത്.
റോഡ് ഷോ ജനങ്ങളിൽ ഏറെ ആവേശമുയർത്തി. അലങ്കരിച്ച വാഹനങ്ങളിൽ ട്രോഫിയുമായി ആരംഭിച്ച റോഡ് ഷോയിൽ നിരവധി ഇരുചക്ര വാഹനങ്ങൾ അകമ്പടിയായി. കടമ്പനാട് പള്ളി ജംഗ്ഷനിൽ ആരംഭിച്ചു കൊല്ലപ്പള്ളി ഐങ്കൊമ്പ് പിഴക് ചുറ്റി കടമ്പനാട്ടിൽ റോഡ്ഷോ സമാപിച്ചു. വാർഡ് മെമ്പർ ഉഷ രാജു ഫ്ലാഗോഫ് ചെയ്തു.
കടമ്പനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മലപ്പുറം ഉൾപ്പെടെ കേരളത്തിലെ പ്രഗത്ഭരായ 12 ടീമുകൾ പങ്കെടുക്കുന്നുണ്ട്. വിജയികൾക്ക് എവർറോളിഗ് ട്രോഫിയും 30000, 15000 രൂപ ക്യാഷ് അവാർഡും നൽകും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയിൽ ഫോറോനാ വികാരി ഫാ ജോസഫ് പാനമ്പുഴ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.