09 October, 2026 06:01:08 PM
കോഴാ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി

കുറവിലങ്ങാട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോഴാ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ 20 ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിയുടെ എ ബ്ലോക്കിലെ കൊയ്ത്തുത്സവം നടത്തി. പുറംബണ്ട് സുരക്ഷിതമല്ലാതിരുന്നത് പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം ലക്ഷം രൂപ ഉപയോഗിച്ച് പുറംബണ്ട് ബലപ്പെടുത്തിയതിന് ശേഷമാണ് എ ബ്ലോക്കില്‍ കൃഷി ഇറക്കിയത്. കൃഷി സ്ഥലത്തേക്ക് അമിതമായി വെള്ളം കയറി നെല്‍കൃഷി നശിക്കുന്നത് തടയുന്നതിന് പുറംബണ്ട് ബലപ്പെടുത്തിയതിലൂടെ സാധിച്ചു.

മനുഷ്യസേവനത്തിലൂടെ ഞാറു നടുന്നതിനു പകരം നടീല്‍യന്ത്രമുപയോഗിച്ചാണ് എ ബ്ലോക്കില്‍ ഞാര്‍ നട്ടത്. സൂക്ഷ്മമൂലകപ്രയോഗം നടത്തിയത് ട്രോണ്‍ ഉപയോഗിച്ചാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 30% നെല്ല് ഉല്‍പ്പാദനം എ ബ്ലോക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധിച്ചു. സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തിലെ ബി മുതല്‍ എഫ് വരെയുള്ള എല്ലാ ബ്ലോക്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി അടുത്ത വര്‍ഷം കൃഷിയിറക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി മത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിജു കുര്യന്‍, സാം പൈനാപ്പള്ളി, ശാലിനി മോഹനന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ.കെ. ശശികുമാര്‍, ജോര്‍ജ് ചെന്നേലി, ലിന്‍സി സെബാസ്റ്റ്യന്‍, സോണിയ സെബാസ്റ്റ്യന്‍, ജമിനി ജോണി, സിന്ധു രവീന്ദ്രന്‍, രശ്മി പോള്‍, ലതിക സാജു, മെറിന്‍ തോമസ്, ഫാം സൂപ്രണ്ട് മഞ്ജുദേവി യു.ആര്‍., കൃഷി അസിസ്റ്റന്റ് ബിജുകുമാര്‍ എ.ആര്‍., ഫാം കൗണ്‍സില്‍ മെമ്പര്‍മാരായ സണ്ണി ചിറ്റക്കോടം, തൃഗുണസെന്‍ എന്നിവര്‍ പ്രസംഗിച്ചു.





