14 October, 2026 03:53:59 PM


മണ്ണിൽ നിന്ന് മനുഷ്യനിലേക്ക്; കാർഷിക സഫാരി ക്ലബിന്റെ കാരുണ്യ വിരുന്നിന് നൂറിന്റെ തിളക്കം



കുറവിലങ്ങാട്: കൃഷിയിടങ്ങളിൽ വിളവ് തേടുന്ന കർഷക കൂട്ടായ്മ, മനുഷ്യന്റെ വിശപ്പിന് കൂടി വിളവ് തേടിയ കഥയാണ് കുറവിലങ്ങാട് കാർഷിക സഫാരി ക്ലബ് - കൃഷിക്കൂട്ടത്തിന്റെ "Fast a Noon... Feast a Friend... - ഒരു നേരം ഉപവസിക്കൂ, ഒരു സുഹൃത്തിന് വിരുന്നൊരുക്കൂ" എന്ന പദ്ധതി.

നൂറ് ആഴ്ചയുടെ യാത്ര ഇങ്ങനെ:

അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ലഘുഭക്ഷണം നൽകുന്ന പദ്ധതിയാണ് 2024-ൽ ആരംഭിച്ചത്. ഇത് വെറും ഭക്ഷണ വിതരണം മാത്രമായിരുന്നില്ല.ഓരോ അംഗവും (സാധിക്കുന്നവർ) ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം സ്വയം ഒഴിവാക്കി (ഉപവസിച്ച്), ആ തുക ലാഭിച്ച്, അതോടൊപ്പം തങ്ങളുടെ ആഘോഷങ്ങളിലെ ഒരു വിഹിതവും, നന്മ മനസിൻ്റെ കരുതലും കൂട്ടി ചേർത്താണ് ഈ സ്നേഹവിരുന്ന് ഒരുക്കിയത്. അതുകൊണ്ട് തന്നെ ഇത് കർഷകന്റെ വിയർപ്പിന്റെ പങ്കുവെക്കൽ കൂടിയായി.

ഓരോ ആഴ്ചയിലും മുടങ്ങാതെ, നൂറ് ആഴ്ച തുടർച്ചയായി ഈ കാരുണ്യം എത്തിക്കാൻ കഴിഞ്ഞു എന്നത് കൃഷിക്കൂട്ടത്തിന്റെ ഒരുമയുടെയും ആത്മാർത്ഥതയുടെയും തെളിവാണ്.

നന്മയുടെ നൂറുമേനി അവാർഡ്:

ഈ നൂറാഴ്ചത്തെ അശ്രാന്ത പരിശ്രമത്തിന് നേതൃത്വം നൽകിയ, പദ്ധതിയുടെ പ്രധാന സംഘാടകനും കൃഷി വകുപ്പ് ജീവനക്കാരനുമായ അസിസ്റ്റന്റ് കൃഷി ഓഫീസർ സാബു ജോർജിനെ ചടങ്ങിൽ "നന്മയുടെ നൂറുമേനി'" പുരസ്കാരം നൽകി ആദരിക്കും.

സർക്കാർ ജോലിയുടെ തിരക്കുകൾക്കിടയിലും, കസേരയ്ക്കപ്പുറം ജനങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനം എല്ലാവർക്കും മാതൃകയാണ്. വിശക്കുന്ന വയറുകൾക്ക് വിശപ്പകറ്റിയ ഈ ഉദ്യമം, നൂറുമേനി വിളവ് പോലെ സമൂഹത്തിന് പ്രചോദനമാകട്ടെ എന്ന സന്ദേശത്തോടെയാണ് ഈ അവാർഡ് നൽകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944