01 July, 2025 10:44:50 AM


തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയില്‍ സ്ഫോടനം; മരണം 34 ആയി



ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ  മരണം 34 ആയി. 27 പേർക്കായി തിരച്ചിൽ‌ തുടരുകയാണ്.  തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. 150 ഓളം തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതിൽ 90 പേർ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നത് എന്നുമാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. 

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് മരണസംഖ്യ ക്രമാതീതമായി ഉയരുകയായിരുന്നു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും ഫയർഫോഴ്‌സിനും പുറമേ, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌എഫ്) യൂണിറ്റുകളും രണ്ട് അഗ്നിശമന റോബോട്ടുകളും രക്ഷാപ്രവർത്തനത്തിനെത്തി.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.സ്ഫോടന വാർത്ത അങ്ങേയറ്റം ദാരുണവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917