08 July, 2025 10:01:35 AM
ട്രക്ക് ഇടിച്ചു കയറി, കാറിന് തീപിടിച്ച് അപകടം; അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: യുഎസിലെ അലബാമയിലെ ഗ്രീന്‍ കൗണ്ടിയില്‍ മിനി ട്രക്ക് കാറിലിടിച്ച് ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് തെറ്റായ ദിശയില്‍ വന്ന് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. പിന്നാലെ വാഹനത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും പൊള്ളലേറ്റാണ് മരിച്ചത്. രണ്ട് കുട്ടികളുൾപ്പടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. വെങ്കട്ട് ബെജുഗം, ഭാര്യ തേജസ്വിനി , ഇവരുടെ മക്കളായ സിദ്ധാര്‍ത്ഥ്, മൃദ ബെജുഗം എന്നിവരാണ് മരിച്ചത്.
അറ്റ്‌ലാന്റയില്‍ താമസിച്ചിരുന്ന ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പിന്നാലെ കുടുംബത്തിലെ നാല് പേരും കൊല്ലപ്പെടുകയായിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി ദന്ത പരിശോധനയും ഡിഎന്‍എ പരിശോധനയും ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പരിശോധനകള്‍ നടത്തി വരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.