11 July, 2025 05:06:56 PM
ക്യാഷ് റിവാർഡ് പ്രഖ്യാപിച്ച് 'എസ് ബി ഐ' യുടെ സന്ദേശം; തുറന്നാൽ മൊബൈൽ ഹാക്ക് ചെയ്യപ്പെടും

പത്തനംതിട്ട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ പുതിയ വാട്സ്ആപ്പ് തട്ടിപ്പ്. 9860 രൂപ ക്യാഷ് റീവാർഡ് പ്രഖ്യാപിച്ചു കൊണ്ടുള്ള വ്യാജ സന്ദേശം ഓപ്പൺ ചെയ്താൽ ഉടനെ വാട്സ്ആപ്പും മൊബൈലും ഹാക്ക് ചെയ്യപ്പെടും. ഇത്തരത്തിൽ തട്ടിപ്പിനിരയായ പത്തനംതിട്ടയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
എസ് ബി ഐ യോനോ റിവാർഡ് പോയിന്റ് വഴിയുള്ള 9860 രൂപ ഇപ്പോൾ കരസ്ഥമാക്കൂ എന്നതാണ് സന്ദേശം. ഇന്ന് കാലാവധി അവസാനിക്കുന്നതിനാൽ ഉടനെ എസ് ബി ഐ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും തുക ക്ലെയിം ചെയ്യാനുമാണ് സന്ദേശത്തിൽ പറയുന്നത്. സന്ദേശം തുറക്കുന്നതോടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും നാം അറിയാതെ തന്നെ വിവിധ ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശം പങ്കുവെക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ ഒട്ടനവധി പേരാണ് തട്ടിപ്പിനിരയാകുന്നത്.