12 July, 2025 08:16:48 PM
ഗോരഖ്‌പുരിൽ മലയാളി ഡോക്ടർ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ലഖ്നൗ: മലയാളി യുവ ഡോക്ടറെ ഉത്തർ പ്രദേശിലെ ഗോരഖ്‌പുരിൽ ഹോസ്റ്റൽ മുറിയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡിനെയാണ് ഹോസ്റ്റലിലെ മുറിക്കുള്ളിൽ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി മൂന്നാം വർഷ വിദ്യാർഥിയും അനസ്തേഷ്യ ഡിപ്പാർട്മെന്റിലെ ജൂനിയർ ഡോക്ടറുമായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
വെള്ളിയാഴ്ച ഡ്യൂട്ടി സമയമായിട്ടും അഭിഷോ ഡിപ്പാർട്ട്മെന്റിൽ എത്താത്തതിനെത്തുടർന്ന് വകുപ്പ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് ജീവനക്കാർ പോയി പരിശോധിച്ചു. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ ഡോക്ടറെ കണ്ടെത്തുന്നത്. ഉടൻ തന്നെ പ്രിൻസിപ്പലിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായയച്ചു. ഒരു വർഷം മുൻപാണ് അഭിഷോയുടെ വിവാഹം കഴിഞ്ഞത്. മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്ന് സഹപാഠികൾ പറയുന്നു.