17 July, 2025 12:39:16 PM


രാമായണ പുനരാഖ്യാനങ്ങളുടെ കവി വട്ടംകുളം ശങ്കുണ്ണി അന്തരിച്ചു



മലപ്പുറം: കവിയും പ്രഭാഷകനും ആത്മീയാചാര്യനും റിട്ട. അധ്യാപകനുമായ വട്ടംകുളം ശങ്കുണ്ണി (എരുവപ്ര വടക്കത്ത് വളപ്പില്‍ ശങ്കുണ്ണി നായര്‍-87) അന്തരിച്ചു. ബുധനാഴ്ച 11 മണിയോടെ മലപ്പുറം എടപ്പാള്‍ ശുകപുരം ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുലോചന. മക്കള്‍: പ്രിയ (അധ്യാപിക, ജിജെബിഎസ് വട്ടംകുളം), രഞ്ജിത് (അധ്യാപകന്‍). മരുമക്കള്‍: ഹരിഗോവിന്ദന്‍, ദിവ്യ.

രാമായണവും മഹാഭാരതവും സാധാരണക്കാരന്‍ വായിക്കുകയും പഠിക്കുകയും വേണമെന്നാഗ്രഹിച്ച ശങ്കുണ്ണി അവയെ ലളിതമാക്കി ചെറു പുസ്തകങ്ങളാക്കി ജനങ്ങള്‍ക്ക് നല്‍കി. കര്‍ക്കടകമാസം മുഴുവന്‍ വായിക്കാനായി ലളിതമായ പുസ്തകമുണ്ടാക്കിയതിനൊപ്പം നാടന്‍ഭാഷയില്‍ രാമായണത്തെ തര്‍ജമചെയ്ത് പുതുമ കണ്ടെത്താനും അദ്ദേഹം സമയം കണ്ടെത്തി. 

മഹാകവി അക്കിത്തത്തോടൊപ്പം എടപ്പാളിലെ തപസ്യയുടെ പ്രവര്‍ത്തനങ്ങളിലും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും എന്നും വട്ടംകുളം ശങ്കുണ്ണിയും സജീവമായിരുന്നു. ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തില്‍ മൂന്നു പതിറ്റാണ്ടായി നടക്കുന്ന പത്തുദിവസം നീളുന്ന സംഗീതോത്സവത്തെ അറിയപ്പെടുന്ന സംഗീതവിരുന്നാക്കി മാറ്റിയതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ്, തപസ്യ എടപ്പാള്‍ യൂണിറ്റ് പ്രസിഡന്റ്, പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ചെണ്ട, കുറ്റിപ്പുറം പാലത്തിനു മുന്നില്‍, രാമായണയാത്ര, രാമായണ പൊരുള്‍, രാമായണമുത്തുകള്‍, ആറിന്‍വഴി, ഒരു പോക്കറ്റ് രാമായണം, നാടോടി രാമായണം, സാധാരണക്കാരന്റെ ഭഗവത്ഗീത, രാമായണകഥകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. എം ടി വേണു തപസ്യ നവരാത്രി പുരസ്‌കാരം, കാന്‍ഫെഡ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.

രാമായണത്തെ അത്രയേറെ സ്നേഹിച്ച വട്ടംകുളം ശങ്കുണ്ണി അന്തരിച്ചത് രാമായണ മാസത്തലേന്നാണ്. ശുകപുരം കുളങ്കര ഭഗവതീക്ഷേത്രം, ഉദിയന്നൂര്‍ അയ്യപ്പക്ഷേത്രം തുടങ്ങി പ്രദേശത്തെ പല ക്ഷേത്രങ്ങളിലും അടുത്തകാലംവരെ രാമായണ പാരായണം സ്ഥിരമായി നടത്തിയിരുന്നത് ഇദ്ദേഹമായിരുന്നു.

പരേതരായ കടാട്ട് ഗോവിന്ദന്‍നായരുടെയും കല്യാണിയമ്മയുടെയും മകനായി 1938-ല്‍ ജനനം. മലയാളം അധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ലേഖനങ്ങളുമെഴുതിയിരുന്നു. വിരമിച്ചശേഷം സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 

മഹാകവി അക്കിത്തമടക്കമുള്ളരോടൊപ്പം പ്രദേശത്തെ മിക്ക സാഹിത്യസദസ്സുകളിലും കവിയരങ്ങുകളിലും സ്ഥിരസാന്നിധ്യമായിരുന്നു. ഭക്തികവിതകളും സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയുള്ള സാമൂഹികപ്രതിബദ്ധതയുള്ള കവിതകളുമെല്ലാം എഴുതി. ആത്മീയ രംഗത്തും ശ്രദ്ധേയനായി. ഒട്ടേറെ ഭക്തിപ്രഭാഷണങ്ങള്‍ നടത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918