21 July, 2025 09:46:51 AM


കരിപ്പൂരിൽ ഒരുകിലോ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ; സ്വീകരിക്കാനെത്തിയ 3 പേരും പിടിയിൽ



കോഴിക്കോട്: മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കറ്റ് വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയിൽ എൻ എസ് സൂര്യ (31)യുടെ ലഗേജിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി പി ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി (37) എന്നിവരെയും ഇൻസ്പെക്ടർ എ അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 

വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു.

സൂര്യയെയും സ്വീകരിക്കാനെത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു. ലഗേജിനുള്ളിൽ മിഠായിയുടെ പായ്ക്കറ്റുകൾക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചത്. എംഡിഎംഎ അടങ്ങിയ ലഗേജ് കൊടുത്തയച്ച ആളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K