01 August, 2025 08:58:54 AM
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

കണ്ണൂര്‍: ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നത്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദ് ചെയ്തത്. സുനി അയൽ സംസ്ഥാനത്തേക്ക് പോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 15 ദിവസത്തെ അടിയന്തര പരോളായിരുന്നു അനുവദിച്ചിരുന്നത്.
പരോൾ ലഭിച്ച ശേഷം വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത് എന്നാൽ ഇയാൾ അവിടെ ഉണ്ടായില്ലെന്നാണ് മീനങ്ങാടി സി ഐയുടെ റിപ്പോർട്ടിൽ പറയുന്നത്. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് തിരികെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇയാളെ എത്തിച്ചു.
അതേസമയം, തലശ്ശേരി കോടതിയിൽ വെച്ച് മദ്യപിക്കുന്നതിനായി അവസരം ഒരുക്കി നൽകിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി എടുത്തിരുന്നു.മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.
കൊടി സുനി, ഷാഫി എന്നിവർക്കായി മറ്റൊരാൾ എത്തിച്ചേരുന്ന മദ്യമാണ് ഉദ്യോഗസ്ഥർ കൈമാറിയിരുന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവരികയും പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടി ഉണ്ടാകുകയുമായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.