11 August, 2025 09:44:02 AM


സനാതന ധർമത്തിനെതിരെ പ്രസം​ഗിച്ചു; കമൽഹാസനെ കൊല്ലുമെന്ന് സീരിയൽ നടൻ



ചെന്നൈ: സനാതന ധർമത്തിനെതിരേ പ്രസംഗിച്ച മക്കൾ നീതിമയ്യം നേതാവ് കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി. സീരിയൽ നടനായ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ മക്കൽ നീതിമയ്യം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അ​ഗരം ഫൗണ്ടേഷന്റെ വാർഷികത്തോട് അനുബന്ധിച്ച പരിപാടിയിലാണ് കമൽ സനാതന ധർമ്മത്തെക്കുറിച്ച് പറഞ്ഞത്. 'രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്', കമൽ ഹാസൻ പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും കമൽ പറഞ്ഞു. വ്യാപക പ്രതിഷേധമാണ് കമൽ ഹാസന്റെ പരാമർശത്തിന് നേരെ ഉണ്ടായിരിക്കുന്നത്.

സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് കമൽ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ കാണരുതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. കമൽഹാസന്റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. സനാതനത്തെക്കുറിച്ച് കമൽ ഒരു പൊതുവേദിയിൽ പരാമർശിച്ചത് അനാവശ്യമായിരുന്നുവെന്ന് നടി ഖുശ്‌ബു പറഞ്ഞു. അതേസമയം കമൽഹാസനെ പിന്തുണച്ചുകൊണ്ട് ഡിഎംകെ വക്താവ് എ. ശരവണനും രം​ഗത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K