22 August, 2025 10:47:29 AM


നടുറോഡിൽ സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവുമായി തർക്കം



തിരുവനന്തപുരം: വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി കേന്ദ്രമന്ത്രിയുടെ മകനും കോൺഗ്രസ് നേതാവുമായി തർക്കം. ഇന്നലെ രാത്രി 11 മണിക്കാണ് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി തർക്കമുണ്ടായത്. ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു. ഇതോടെ മാധവിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പൊലീസ് പറയുന്നു. വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K