01 September, 2025 12:00:01 PM


പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുത്- സുപ്രീം കോടതി



ന്യൂഡല്‍ഹി: ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുകയോ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിനായി സൂക്ഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ആ നിശ്ചിത കാലയളവില്‍ അതിന്റെ ഉടമയ്ക്ക് മോട്ടോര്‍ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീം കോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന സിംഗിൾ ബെഞ്ചിന്റേതാണ് വിധി.

മോട്ടോര്‍ വാഹന നികുതി നഷ്ടപരിഹാര സ്വഭാവമുള്ളതാണെന്നും, ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവില്‍ നികുതി ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 1963-ലെ ആന്ധ്രാപ്രദേശ് മോട്ടോര്‍ വാഹന നികുതി നിയമത്തിന്റെ സെക്ഷന്‍ 3-യിൽ 'പൊതുസ്ഥലം' എന്ന പ്രയോഗം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മോട്ടേര്‍ വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നതിനെ കുറിച്ചുള്ള വ്യവസ്ഥകളാണ് സെക്ഷന്‍-3യില്‍ പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍) എന്ന സ്ഥാപനത്തിന്റെ വളപ്പില്‍ മാത്രം ഉപയോഗിക്കുന്ന വാഹനത്തിന് ആന്ധ്രാ സര്‍ക്കാര്‍ നികുതി ചുമത്തിയതിനെ ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്ഥാവിച്ചിരിക്കുന്നത്. ആര്‍ഐഎന്‍എല്ലിനു കീഴിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനമായ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിനകത്തെ സെന്‍ട്രല്‍ ഡിസ്പാച്ച് യാര്‍ഡിനകത്തു മാത്രം ഉപയോഗിക്കുന്ന 36 വാഹനങ്ങള്‍ക്ക് നികുതി ചുമത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K