01 September, 2025 04:04:34 PM
മൃഗസംരക്ഷണമേഖല മാറ്റത്തിന്റെ പാതയിൽ- മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഇലക്ട്രോണിക്, ഐ.ടി. രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണ മേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 33 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ച ഏറ്റുമാനൂർ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാ ബ്ലോക്കുപഞ്ചായത്തുകളിലും രാത്രികാല വെറ്ററിനറി ആംബുലൻസ് സർവീസ് ആരംഭിക്കും. വൈകുന്നേരം നാലുമുതൽ രാത്രി 12 വരെ 1962 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ വീട്ടുപടിക്കൽ സേവനമെത്തിക്കും. അതിനുശേഷമാണെങ്കിൽ ജില്ല കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ള ആംബുലൻസിൽ സേവനമെത്തിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സുവർണ കാലഘട്ടമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ മിൽമയുടെ പ്രവർത്തനങ്ങളെ മാറ്റിയെടുക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, സ്ഥിരം സമിതി അധ്യക്ഷ അജിത ഷാജി, നഗരസഭംഗങ്ങളായ രശ്മി ശ്യാം, ഇ.എസ.് ബിജു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ. മനോജ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ.വി. സുജ, വെറ്ററിനറി സർജൻ രാജി ജെയിംസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്,കെ.ഐ. കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.