13 September, 2025 04:23:47 PM


സൈബർ ആക്രമണം; രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതിയുമായി നടി റിനി



കൊച്ചി: സൈബർ ആക്രമണ പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും സൈബർ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് പരാതി. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു. സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കി. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല എന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അവർ പറഞ്ഞിരുന്നു. ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി കൂട്ടിച്ചേർത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K