18 September, 2025 01:36:47 PM
'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ വ്യാപക പോസ്റ്റർ

കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ വ്യാപക പോസ്റ്റർ. വിജിൽ മോഹനനെതിരെയാണ് കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നാണ് പോസ്റ്റർ. ശ്രീകണ്ഠപുരം പൊടിക്കളത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ. വിജിൽ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നിയമസഭയിലേക്ക് അനുഗമിച്ചതിൽ കടുത്ത വിമർശനം നേരിടുന്ന യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെ പിന്തുണച്ച് വിജിൽ മോഹനൻ രംഗത്തെത്തിയിരുന്നു. 'ഹൂ കെയേർസ്' എന്ന അടിക്കുറിപ്പോടെ നേമം ഷജീറിനൊപ്പമുള്ള ചിത്രം വിജിൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഷജീറിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയായിരുന്നു പിന്തുണ നൽകിക്കൊണ്ടുള്ള പോസ്റ്റ്.
നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും പരാതി നൽകിയിരുന്നു. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് പരാതിയിൽ പറയുന്നത്. ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിലെത്തിയിരുന്നു. നേമം ഷജീറായിരുന്നു രാഹുലിൻറെ കൂടെയുണ്ടായിരുന്നത്.