22 September, 2025 10:47:03 AM
ഇൻഡിഗോ വിമാനത്തിനുള്ളിൽ എലി; കണ്ടെത്താനായി മണിക്കൂറുകളോളം തിരച്ചിൽ

കാൺപൂർ: ഇന്നലെ 140 പേരുടെ വിമാന യാത്ര ഒരു എലി കാരണം മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനമാണ് വൈകിയത്. വിമാനത്തിനുള്ളിൽ ഒരു എലിയെ കണ്ടതിനെ തുടർന്നാണിത്.
ഉച്ചയ്ക്ക് ശേഷം 2:55-ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാരെല്ലാം കയറി. അതിനു ശേഷമാണ് വിമാനത്തിനുള്ളിൽ ഒരു എലി ഓടി നടക്കുന്നത് ഒരു യാത്രക്കാരന്‍റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ യാത്രക്കാരൻ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി. എലിയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചിൽ തുടർന്നു.
വൈകീട്ട് 4.10 ന് ദില്ലിയിൽ എത്തേണ്ടതായിരുന്നു ഇൻഡിഗോ വിമാനം. എന്നാൽ സന്ധ്യയ്ക്ക് 6.03 ന് മാത്രമാണ് കാൺപൂരിൽ നിന്ന് വിമാനം പുറപ്പെട്ടത്. രാത്രി 7.16-ന് വിമാനം ദില്ലിയിൽ എത്തി. വിമാനത്തിൽ എലിയെ കണ്ടെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി യാത്രക്കാരെ പുറത്തിറക്കിയെന്നും വിമാനത്താവളത്തിന്റെ മീഡിയ ഇൻ ചാർജ് വിവേക് സിങ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.