22 September, 2025 04:27:39 PM
കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ കൊണ്ടോട്ടി അബുവിനെ പ്രതിചേര്‍ത്തു

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. യൂട്യൂബറായ കൊണ്ടോട്ടി അബുവിനെയാണ് പ്രതി ചേര്‍ത്തത്. ഇയാള്‍ കേസില്‍ മൂന്നാം പ്രതിയാണ്. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.
കേസില്‍ കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനാണ് ഒന്നാം പ്രതി. യൂട്യൂബര്‍ കെ എം ഷാജഹാനാണ് രണ്ടാം പ്രതി. സ്ത്രീത്വത്തെ അപമാനിക്കുംവിധം സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കെ ജെ ഷൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കേസെടുത്തതിന് പിന്നാലെ സി കെ ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. ഇയാളുടെ വീട്ടില്‍ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കെ ജെ ഷൈനെതിരെ ആദ്യം ആരോപണം ഉയര്‍ത്തുന്നത് ഗോപാലകൃഷ്ണനായിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഒരു മാധ്യമം വാര്‍ത്ത നല്‍കിയതോടെ സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതോടെ പ്രതികരണവുമായി കെ ജെ ഷൈന്‍ തന്നെ രംഗത്തെത്തി, സ്വന്തം നഗ്നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നായിരുന്നു കെ ജെ ഷൈന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ ഷൈന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തൊട്ടുപിന്നാലെ കെ എം ഷാജഹാനെതിരെ സിപിഐഎമ്മിന്റെ നാല് എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കി. വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി എന്നിവരായിരുന്നു പരാതി നല്‍കിയത്. സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു എംഎല്‍എമാര്‍ ആരോപിച്ചത്. ഈ പരാതികള്‍ പൊലീസിന്റെ പരിഗണനയിലാണ്.