07 November, 2025 09:37:57 AM


ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു



കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിർ എന്നിവരാണ് കേസിലെ പ്രതികൾ. സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്‌ളാറ്റിലെ ലഹരി ഉപയോഗമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 

എന്നാല്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്ന യുവാവാണ് ലഹരി കൈമാറിയത് എന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി സിനിമ പ്രവര്‍ത്തകരെ എക്‌സൈസ് പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. മൂവരും കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.

ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948