24 January, 2026 04:57:56 PM
വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള വനിതാ കമ്മീഷൻ 2025-ലെ മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മലയാള അച്ചടി മാധ്യമപ്രവർത്തകരിൽ നിന്ന് മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മലയാളം ദൃശ്യമാധ്യമ പ്രവർത്തകരിൽ നിന്ന് മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മലയാളം, ഇംഗ്ലീഷ് മാധ്യമപ്രവർത്തകരിൽ നിന്ന് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.
വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ, സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രതിസന്ധികളെ തരണം ചെയ്ത വനിതകൾ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകൾ, ഫീച്ചർ, വീഡിയോ, ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാനാകൂ. പുരസ്‌കാര ജേതാക്കൾക്ക് 25,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും ലഭിക്കും.
ആർ.എൻ.ഐ. അംഗീകൃത പത്രമാധ്യമ സ്ഥാപനങ്ങളിലെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷൻ ചാനലുകളിലെയും മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച വാർത്ത, ഫീച്ചർ, അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുഴുവൻ പേജ്, വാർത്തയുടെ നാല് പകർപ്പുകൾ, ടെലിവിഷൻ വാർത്തയുടെ/ പരിപാടിയുടെ മുഴുവൻ വീഡിയോ, വാർത്തയുടെ മാത്രം എം.പി.4 ഫോർമാറ്റ് അടങ്ങിയ പെൻഡ്രൈവ്, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ മുഴുവൻ പേജ്, ഫോട്ടോയുടെ നാല് പകർപ്പുകൾ എന്നിവ ന്യൂസ് എഡിറ്റർ/ റെസിഡന്റ് എഡിറ്റർ/ എക്‌സിക്യട്ടീവ് എഡിറ്റർ/ ചീഫ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം തപാലായി അയക്കണം.
ഫെബ്രുവരി ആറിന് മുൻപ് ലഭിക്കത്തക്ക വിധത്തിൽ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം. ഫോൺ- 0471 2303659,8281199055.




