12 April, 2026 01:04:15 PM


ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു


മുംബൈ :വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് ആശാ ഭോസ്‌ലയെ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ പ്രവേശിപ്പിച്ചത്.

സംഗീതജ്ഞനും നാടക നടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളിൽ ഒരാളായി 1933 സെപ്റ്റംബർ എട്ടിനാണ് ആശാ ഭോസ്‌ലെ ജനിച്ചത്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കർ മൂത്ത സഹോദരിയാണ്. പതിനാറാം വയസിൽ ഗണപത്രോ ഭോസ്‌ലെയെ വിവാഹം കഴിച്ചു. 1960ൽ ഇവർ വേർപിരിഞ്ഞു. പിന്നീട്, 1980ൽ പ്രശസ്ത സംഗീത സംവിധായകനായ ആർ.ഡി. ബർമ്മനുമായി വിവാഹിതയായി. ഹേമന്ത് ഭോസ്‌ലെ, വർഷ ഭോസ്‌ലെ, ആനന്ദ് ഭോസ്‌ലെ എന്നിവരാണ് മക്കൾ.

വൈവിധ്യപൂർണമായിരുന്നു ദശാബ്ദങ്ങൾ നീണ്ട ആശാ ഭോസ്‌ലെയുടെ സംഗീത യാത്ര. 20 ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ഒ.പി. നയ്യാർ, സഹൂർ ഖയ്യാം ഹാഷ്മി, ശങ്കർ-ജയ്കിഷൻ, നൗഷാദ്, ആർ.ഡി. ബർമൻ, ഇളയരാജ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ തലമുറയിലെ അതികായരുടെ ഗാനങ്ങൾക്ക് ശബ്ദമായി. ഈ ഗാനങ്ങൾ എല്ലാം തന്നെ എവർഗ്രീൻ ഹിറ്റുകളാണ്.

1943ൽ 'മാത്സ ബാൽ' എന്ന മറാത്തി ചിത്രത്തിലെ 'ചലാ ചലാ നവ് ബാല' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. പത്ത് വയസായിരുന്നു അപ്പോൾ പ്രായം. 1948ൽ 'ചുൻ‌രിയ' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1949ൽ 'രാത് കി റാണി' എന്ന ചിത്രത്തിലാണ് ആദ്യ സോളോ ഗാനം ആലപിക്കുന്നത്.


2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. രണ്ട് തവണ മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 'ഉംറാവോ ജാൻ', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിനായിരുന്നു അംഗീകാരം. 2011ൽ ഏറ്റവും കൂടുതൽ സിംഗിൾ സ്റ്റുഡിയോ റെക്കോർഡിങ്ങുകൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K