02 November, 2026 06:50:20 AM


കള്ളുഷാപ്പ് ജീവനക്കാരെയും മധ്യസ്ഥതയ്ക്ക് എത്തിയ ആളെയും ആക്രമിച്ച കേസ്; രണ്ടുപേർ റിമാൻഡിൽ



കോട്ടയം: കുമാരനല്ലൂർ വല്യാലിൻചുവട് ഭാഗത്തെ കള്ളുഷാപ്പിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പായിക്കാട് വില്ലേജിൽ മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പ്രകാശന്റെ മകൻ പാണ്ടൻ പ്രദീപ് എന്ന പ്രദീപ് (34), ആർപ്പൂക്കര വില്ലേജിൽ മുടിയൂർക്കര ഭാഗത്ത് തെക്കിൽപറമ്പിൽ വീട്ടിൽ സെലീനയുടെ മകൻ ഷൈൻ ഷാജി എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കുമാരനല്ലൂർ വല്യാലിൻചുവട് ഭാഗത്തെ കള്ളുഷാപ്പിൽ കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന സംഭവത്തിൽ പ്രതികൾ ഷാപ്പ് ജീവനക്കാരനായ  ഭീമോനെയും ആക്രമണം തടയാൻ എത്തിയ അഖിൽ എബ്രഹാമിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. തുടർന്ന് കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് ഇടിക്കുകയും കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് ഇരുവരുടെയും പുറത്തും കൈകളിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എസ്.എച്ച്.ഒ ജെർലിൻ വി. സ്കറിയ, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934