15 June, 2017 08:39:01 PM
ഇന്തോനേഷ്യ ഓപ്പണ്‍: സൈന നെഹ്വാൾ രണ്ടാം റൗണ്ടിൽ പുറത്ത്

ജക്കാർത്ത: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാൾ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പർ സീരീസ് പ്രീമിയറിൽനിന്നു പുറത്തായി. രണ്ടാം റൗണ്ടിൽ തായ്ലൻഡിന്റെ നിതാച്ചോണ് ജിൻഡാപോളിനോടു പരാജയപ്പെട്ടാണ് സൈന പുറത്തായത്. സ്കോർ: 15-21, 21-6, 16-21.
ആദ്യ സെറ്റിൽ തോൽവി വഴങ്ങിയ സൈന രണ്ടാം റൗണ്ടിൽ കൊടുങ്കാറ്റ് കണക്കെ തിരിച്ചുവന്ന് ജിൻഡാപോളിനെ മലർത്തിയടിച്ചു. ആറു പോയിന്റ് മാത്രമാണ് എതിരാളിക്ക് രണ്ടാം സെറ്റിൽ സൈന വിട്ടുനൽകിയത്. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ തിരിച്ചുവന്ന ജിൻഡാപോൾ 16-21 എന്ന സ്കോറിൽ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
നേരത്തെ, തായ്ലൻഡിന്റെ തന്നെ റച്ചാനോക് ഇന്റാനോനിനെ കീഴടക്കിയാണ് ഇവിടെ മൂന്നുവട്ടം ചാന്പ്യനായ സൈന രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം തുടർച്ചയായി രണ്ടു സെറ്റുകൾ സ്വന്തമാക്കി സൈന ടൂർണമെന്റിൽ ജീവൻ നിലനിർത്തുകയായിരുന്നു. ഇക്കുറി റാങ്കിംഗിൽ ആദ്യ പത്തിനു പുറത്തുനിന്നാണ് സൈന മത്സരിക്കാനെത്തിയതെന്ന സവിശേഷതയുമുണ്ട്. ഏഴു വർഷത്തിനിടെ ആദ്യമായാണ് സൈന ആദ്യ പത്തിൽനിന്നു പുറത്താകുന്നത്.