03 December, 2019 05:28:04 PM


ഇഷ്ടപ്പെട്ട സീറ്റ് കിട്ടിയില്ല ; രോഗം അഭിനയിച്ച് യാത്രക്കാരി വിമാനം നിലത്തിറക്കി



ഫ്ലോറിഡ: ഇഷ്ടപ്പെട്ട സീറ്റ് കിട്ടിയില്ലെന്ന കാരണത്താല്‍ യാത്രക്കാരി രോഗം അഭിനയിച്ചതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള പെന്‍സകോലയില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം രാവിലെ 6.26ഓടെയാണ് വിമാനം തിരികെ ഇറക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പുറപ്പെട്ട ഉടന്‍ തന്നെ തനിക്ക് മറ്റൊരു സീറ്റ് നല്‍കണമെന്ന് യാത്രക്കാരി ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ ഇവര്‍ രോഗം അഭിനയിക്കാന്‍ തുടങ്ങി. ഇതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.


വിമാനം ലാന്‍റ് ചെയ്തതോടെ ഇവര്‍ക്ക് അസുഖമില്ലായിരുന്നെന്നും എല്ലാ അഭിനയമായിരുന്നെന്നും ജീവനക്കാര്‍ക്ക് മനസിലായി. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാ യാത്രക്കാരും പുറത്തിറങ്ങിയ ശേഷവും ഈ യാത്രക്കാരി മാത്രം വിമാനത്തില്‍ തന്നെ ഇരുന്നു. ഇതോടെ ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി.ഒടുവില്‍ പൊലിസെത്തി ഇവരെ അനുനയിപ്പിച്ച് പുറത്തിറക്കി. വിമാനം 7.41നാണ് യാത്ര പുനരാരംഭിച്ചത്. രോഗം അഭിനയിച്ച യാത്രക്കാരിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ മാനസിക രോഗ പരിശോധനയ്ക്ക് വിധേയമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K