15 July, 2020 12:21:19 PM


ഒറ്റ ദിവസം 59 പേര്‍ക്ക് കോവിഡ്; കോഴിക്കോട്ട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍



കോഴിക്കോട്: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ സാംബശിവയാണ് ഉത്തരവിട്ടത്. ആശുപത്രികളിലേക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവുമുണ്ട്. വടകര നഗരസഭ, കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട്, മുഖദാര്‍, പന്നിയങ്കര വാര്‍ഡുകള്‍, പേരാമ്പ്ര പഞ്ചായത്തിലെ മൂന്നുവാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം 53 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തൂണേരിയില്‍ 43 പേരുടെ ഫലം കൂടി പോസിറ്റീവായി. 16 പേര്‍ക്ക് വടകരയിലും രോഗമുണ്ടായി. ഇതോടെ ഇന്ന് മാത്രം 59 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധയുണ്ടായിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ നിന്നാണ് തൂണേരിയില്‍ ഇത്രയേറെ പേര്‍ക്ക് കോവിഡ് പകര്‍ന്നത്.


അന്തര്‍ജില്ലാ യാത്രികര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണമെന്നും മരണാനന്തര ചടങ്ങില്‍ 20 പേരിലധികവും വിവാഹവും അതിനോട് അനുബന്ധിച്ച ചടങ്ങുകളില്‍ 50ല്‍ കൂടുതലും ആളുകള്‍ പങ്കെടുക്കരുതെന്നും കലക്ടര്‍ അറിയിച്ചു. കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകള്‍ പൂര്‍ണമായും അടച്ചിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K