23 May, 2022 05:54:51 PM


47 ലക്ഷം രൂപ വിലയുള്ള കാറിന് 8.80 ലക്ഷത്തിന് ഇഷ്ട നമ്പർ ലേലത്തിലൂടെ സ്വന്തമാക്കി ഉടമ



കോട്ടയം: ഇഷ്ട വാഹന നമ്പർ ലേലത്തിലൂടെ  8.80 ലക്ഷം രൂപയ്ക്ക്  സ്വന്തമാക്കി വാഹന ഉടമ. കെ.എൽ 05 എ.വൈ 7777 എന്ന നമ്പരാണ് 47 ലക്ഷം രൂപ വിലയുള്ള തൻ്റെ ആഡംബര കാറിനായി അയർക്കുന്നം കുടകശേരിൽ ടോണി വർക്കിച്ചൻ റെക്കോഡ് ലേലത്തുകയ്ക്ക് സ്വന്തമാക്കിയത്. 

പൃഥ്വിരാജ് സ്വന്തം വാഹനത്തിനായി മുടക്കിയതിൽ കൂടുതൽ തുകയാണ് കോട്ടയം അച്ചായൻസ് ജുവലറി ഉടമയായ ടോണി പുതിയ കാറിനായി മുടക്കിയിരിക്കുന്നത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത തന്റെ വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ ടോണി മറികടന്നിരിക്കുന്നത്. കോട്ടയം ജില്ലയിലെ റെക്കോർഡ് തുകയാണിത്.

തെള്ളകത്തെ കിയാ ഷോറൂമിൽ നിന്നാണ് ഇദ്ദേഹം കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ മോട്ടേഴ്‌സിന്റെ കാർണിവൽ ലിമിസിൻ പ്ലസ് ബുക്ക് ചെയ്തത്. തന്റെ മുൻ വാഹനങ്ങളായ ജാഗ്വാറിനും, കിയോയുടെ സെൽടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 എന്ന നമ്പർ തന്നെ പുതിയ വാഹനത്തിനും വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു. ഇതേ തുടർന്ന്, ഇദ്ദേഹം ഓൺലൈനായി KL 05 AY 7777 എന്ന നമ്പരിനു വേണ്ടി ബുക്ക് ചെയ്തു. എന്നാൽ, ചിങ്ങവനം സ്വദേശി ആകാശ് പി. എബ്രഹാമും ഇതേ നമ്പറിനായി കോട്ടയം ആർ.ടി ഓഫീസിനെ സമീപിച്ചതോടെയാണ് ലേലത്തിലേക്ക് കടന്നത്. 

സർക്കാർ 50,000 രൂപയാണ് നമ്പറിന്റെ തുക നിശ്ചയിച്ചത്. തുക ഓൺലൈനായി അടച്ച് ബുക്കിംഗ് ചെയ്ത ശേഷമാണ് ലേലം ആരംഭിച്ചത്. ലേലത്തിൽ 7,83,000 രൂപ വരെ ആകാശ് വിളിച്ചു.  8,30,000 രൂപയ്ക്ക് വിളിച്ച്  ടോണി വർക്കിച്ചൻ ലേലം ഉറപ്പിച്ചു. ബുക്കിംഗിനായി അടച്ച തുക കൂടിയായപ്പോൾ നമ്പരിൻ്റെ മൂല്യം 8,80,000 രൂപയായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K