22 September, 2026 08:28:55 PM


ദേശീയ ആയുർവേദ ദിനാചരണം നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു



കോട്ടയം: ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. കോട്ടയം ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, നഗരസഭ അംഗങ്ങളായ  അഡ്വ. ജോഫി മരിയ ജോൺ, ലീന ജയചന്ദ്രൻ, ഹോമിയോപ്പതി ഡി.എം.ഒ ഡോ മിനി, ആയുർവേദ  ഡി.എം.ഒ. ഡോ. പി.ആർ. സജി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ സാം സാവിയോ, ഇ.എസ്.ഐ.  മെഡിക്കൽ ഓഫീസർ ഡോ അരുൺ ജി. ദേവ്, നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോക്ടർ ജ്യൂവൽ ജോസ്,​ ഡോ. വി. അരുൺകുമാർ,​  സംഘടനാ ഭാരവാഹികളായ ഡോ സീനിയ അനുരാഗ്, ഡോ ശ്രീജിത്, ഡോ രാമകൃഷ്ണൻ, ഡോ സുഷ ജോൺ, ജെ. ജ്യോതി, പി.ഡി. സെബാസ്റ്റ്യൻ പി.എസ്. ഷംല, സജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

ആരോഗ്യകരമായ നാളേക്കായി ആയുർവേദം എന്നതാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിന സന്ദേശം. ആയുർവേദത്തിന്‍റെ  പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രസക്തിയും സമൂഹത്തിലേക്ക് ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ-നിയോജകമണ്ഡലം തലങ്ങളില്‍ പരിപാടികൾ സംഘടിപ്പിക്കും.

നാളെ കോട്ടയം കളക്ടറേറ്റിലെ ജീവനക്കാർക്കായി സ്‌പെഷാലിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യകരമായ ഭക്ഷണം എന്ന വിഷയം അടിസ്ഥാനമാക്കി ഫുഡ് എക്‌സ്‌പോയും പാമ്പാടിയിൽ കോളജ് വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും സംഘടിപ്പിക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ പരിപാടികൾ, ഭക്ഷണവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ എന്നിവയും ദിനാചരണത്തോടനുബന്ധിച്ചു നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309