31 January, 2016 06:48:55 PM


എട്ടുമനയുള്ള ഊര് ഏറ്റുമാനൂര് ആയി

ഹരിയേറ്റുമാനൂര്

കേരളത്തിലെ പഴയ  32 നമ്പൂതിരി ഗ്രാമങ്ങളില്‍  ഒന്നായിരുന്നു ഏറ്റുമാനൂര്‍. അവിടെ ശിവന്‍ പ്രധാന മൂര്‍ത്തിയായുള്ള  ഗ്രാമക്ഷേത്രമാണ് ഇപ്പോള്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. ശരഭ മൂര്‍ത്തിയായി സംഹാരഭാവത്തിലാണ്. വട്ടശ്രീകോവിലില്‍ വലിയലിംഗ പ്രതിഷ്ഠ.

താഴമണ്‍ തന്ത്രമുള്ള വിഗ്രഹം  പടിഞ്ഞാട്ടു ദര്‍ശനത്തിലാണ്. ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, ഭഗവതി, യക്ഷി , ഗര്‍ഭഗൃഹത്തില്‍ കന്നിമൂലയില്‍
(തെക്കുപടിഞ്ഞാറേ മൂല ) ഗണപതി - പ്രധാന  ഉപദേവതകളാണ് .കൊടിമരം സ്വര്‍ണ്ണമാണ്.
 
പുന്നക്കല്‍, അയ്യങ്ങണിക്കല്‍, ചിറക്കര, പുളിന്താനം, പട്ടമന, മംഗലം, ചെന്തിട്ട, എട്ടൊന്നശ്ശേരി  ഇങ്ങനെ  എട്ടില്ലക്കാരുടെ/മനക്കാരുടെ  ക്ഷേത്രമായതിനാല്‍ എട്ടുമനയുള്ള ഊര്  എന്നതു ലോപിച്ച്  ഏറ്റുമാനൂര്  എന്നു പേര് വന്നത്രേ! നമ്പൂതിരി  ഗ്രാമക്ഷേത്രമാകയാല്‍ ഗ്രാമത്തിലെ  ഇല്ലക്കാര്‍ക്കെല്ലാം
ഊരാള സ്ഥാനം  ഉണ്ടാവണമല്ലോ . അതിനാല്‍ അവശേഷിച്ച എട്ടില്ലക്കാരാവാം  ഇവര്‍. കൊടികുത്തിമലയിലായിരുന്നു ശിവന്‍ എന്നൊരു  ഐതിഹ്യവും നിലവിലുണ്ട്. പരശുരാമന്‍  പ്രതിഷ്ഠിച്ച നൂറ്റെട്ടു ശിവാലയങ്ങളില്‍ ഒന്നാണെന്നും ഖരമഹര്ഷി  ചിദംബരത്ത്നിന്നു കൊണ്ടുവന്നു  
വിഗ്രഹം  പ്രതിഷ്ഠിച്ചതാണെന്നും പറയുന്നു. ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം  വേദഗിരിയിലാണെന്നും  വിശ്വാസമുണ്ട്‌ . ശബരിമല കഴിഞ്ഞാല്‍  തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ ഏറ്റവും  നടവരവുള്ള  ക്ഷേത്രമാണിത്. കുംഭമാസത്തിലെ  തിരുവാതിര  ആറാട്ടായി വരുന്ന തരത്തില്‍  പത്തു ദിവസത്തെ ഉത്സവമാണിവിടെ.
ഉത്സവവേളയില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ വന്നു തൊഴുതു മടങ്ങുന്നു. ജാതിമതഭേദമന്യേ എല്ലാ ഭക്തരും  ഏറ്റുമാനൂരപ്പന്റെ  വിശ്വാസികളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K