16 February, 2019 10:09:00 PM
ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂരപ്പന്‍റെ ആറാട്ട് നടന്നു

ഏറ്റുമാനൂർ : ആയിരക്കണക്കിന് ഭക്തരുടെ കണ്ഠനാളങ്ങളില്‍ നിന്നുയര്‍ന്ന പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂരപ്പന്‍റെ ആറാട്ട് മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവില്‍ നടന്നു. തന്ത്രി കണ്ഠര് മഹേശ് മോഹനര്, മേല്‍ശാന്തി വാരിക്കാട്ട് കേശവൻ സത്യേഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇതോടൊപ്പം തന്നെ മീനച്ചിലാറിനക്കരെ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടന്നു.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്നതിന് മുന്നോടിയായി നടന്ന ആറാട്ടിനുള്ള എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് കടവില്‍ എത്തുന്നതുവരെ ആയിരങ്ങള്‍ ഭഗവാനെ അനുധാവനം ചെയ്തു. ഉച്ചയ്ക്ക് 12 മണിക്കു ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും ആറാട്ട് പുറപ്പെട്ടത്. വഴി നീളെ നിലവിളക്കും നിറപറയുമായി ഭക്തര്‍ ഏറ്റുമാനൂരപ്പനെ വരവേറ്റു. പ്രധാന ജംഗ്ഷനുകളില്‍ സ്വീകരണപന്തലുകളും വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
ചെറുവാണ്ടൂരിന് ശേഷം പേരൂര്‍ ദേശത്തേക്ക് കടന്ന ആറാട്ടിനെ വാദ്യമേളങ്ങളുടെയും കാവടിയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പേരൂര്‍ കാവിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. മകള്‍ സ്ഥാനിയായ പേരൂര്‍ കാവ് ഭഗവതിക്ക് ഒരു വര്‍ഷത്തേക്കുള്ള ചെലവിന് എന്ന കണക്കില്‍ പണക്കിഴിയും എണ്ണയും കൈമാറുന്ന ചടങ്ങ് ഭക്തിനിര്‍ഭരമായി. മീനച്ചിലാറ്റില്‍ പൂവത്തുംമൂട് കടവില്‍ നാട്ടുകാരുടെ വക പ്രത്യേക ദീപക്കാഴ്ചയും ഒരുക്കിയിരുന്നു. പുളിമൂട് കവലയിൽ നിന്നും താലപ്പൊലിയുമായാണ് ഭഗവാനെ ആറാട്ട് കടവിലേക്ക് സ്വീകരിച്ചത്.
ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളവെ ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഇറക്കി പൂജയും ആറാട്ടിനെ അനുധാവനം ചെയ്യുന്ന എല്ലാവര്‍ക്കും പന്തനാഴി സദ്യയും ഉണ്ട്.
ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന ഏറ്റുമാനൂരപ്പനെ പുലര്‍ച്ചെ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ഏറ്റുമാനൂരിലേക്ക് സ്വീകരിക്കുക. പേരൂര്‍ കവലയില്‍ നിന്നും ഏഴരപൊന്നാനകളുടെ അകമ്പടിയോടെയാണ് ആറാട്ട് എതിരേല്‍പ്പ്. ക്ഷേത്രമൈതാനത്ത് ആറാട്ട് എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും ആറാട്ട് വരവിനും ശേഷം ഞായറാഴ്ച വെളുപ്പിനെ 5.30ന് ഉത്സവം കൊടിയിറങ്ങും.