02 February, 2019 05:06:51 PM
ഏറ്റുമാനൂര്‍ ഉത്സവം: കൊടിക്കൂറ സമര്‍പ്പണത്തിലും പരിപാടികളിലും തിരിമറിയെന്ന് ആരോപണം

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ ഉത്സവനടത്തിപ്പില്‍ പരക്കെ അഴിമതിയെന്ന് ആരോപണം ഉയരുന്നു. ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന പ്രോഗ്രാമുകളില്‍ വന്‍തിരിമറി നടത്തുന്നതായാണ് പ്രധാന ആരോപണം. ഇന്ന് നടക്കുന്ന കൊടിക്കൂറ സമര്‍പ്പണത്തിലും ബുക്ക് ചെയ്തിരുന്ന ഭക്തനെ തഴഞ്ഞ് മറ്റൊരാളെ തിരികി കയറ്റിയതായി പരാതി ഉയര്‍ന്നു.
പ്രവാസിയായ ഒരു ഭക്തന്‍ മൂന്ന് വര്‍ഷത്തേക്ക് കൊടിക്കൂറ സമര്‍പ്പിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നുവത്രേ. ഈ വര്‍ഷം കൊടിക്കൂറയും അടുത്ത രണ്ട് വര്‍ഷങ്ങളില്‍ കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ തീരുമാനം അറിയിച്ച് 2018 ഫെബ്രുവരി 21ന് ഇദ്ദേഹത്തിന്‍റെ ഭാര്യ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കത്തും നല്‍കിയിരുന്നു. ഇതനുസരിച്ച് ഇവരുടെ പേര് രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്തു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതനുസരിച്ച് കൊടിക്കൂറ ക്ഷേത്രാചാരപ്രകാരം അമ്പലത്തില്‍ എത്തിക്കുന്നതാണെന്ന് കാട്ടി ഇവര്‍ കഴിഞ്ഞ ഡിസംബര്‍ 18ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി. ഇതിനുശേഷമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. കൊടിക്കൂറ സമര്‍പ്പിച്ച് ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങാനായി അവധിയെടുത്ത് നാട്ടിലെത്തിയപ്പോഴാണ് തന്നെ തഴഞ്ഞ് മറ്റൊരാളെ തിരുകി കയറ്റിയതായി ഇദ്ദേഹം അറിയുന്നത്.
ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറിയ്ക്ക് ഈ ഭക്തനോടുള്ള വ്യക്തിവൈരാഗ്യം കൊടിക്കൂറ സമര്‍പ്പണത്തില്‍ തീര്‍ത്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. സെക്രട്ടറിയുടെ നിര്‍ബന്ധം മൂലമാണ് മറ്റൊരാളെ പരിഗണിച്ചതെന്ന വിശദീകരണമാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയതെന്ന് വഴിപാട് ബുക്ക് ചെയ്ത ഭക്തര്‍ പറയുന്നു. ഇതിനിടെ കൊടിക്കയര്‍ വഴിപാടായി സമര്‍പ്പിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഒരു ഡോക്ടറെ തഴഞ്ഞാണ് മറ്റൊരാളെ ഏര്‍പ്പാടാക്കിയതെന്നും ആരോപണം ഉയര്‍ന്നു.
ഉത്സവനടത്തിപ്പില്‍ ക്ഷേത്ര ഉപദേശകസമിതിയ്ക്ക് യാതൊരു റോളും ഇല്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ അഡ്വ. എഎസ്പി കുറുപ്പ് പറഞ്ഞിരുന്നു. എങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ഉപദേശകസമിതി സെക്രട്ടറിയുടെ നിര്‍ബന്ധത്തിന് ദേവസ്വം ഉദ്യോഗസ്ഥര്‍ വഴങ്ങുന്നതെന്തിന് എന്ന ചോദ്യവും ഉയരുന്നു.
ഇതിനിടെ, കഴിഞ്ഞ വര്‍ഷം ഉത്സവത്തിന് ശബ്ദവും വെളിച്ചവും നല്‍കിയ മൈക്ക് സെറ്റ് ഉടമയ്ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം കരാര്‍ തുകയേക്കാള്‍ കൂടുതലായി വന്ന തുകയ്ക്ക് കൂടി ദേവസ്വം അധികൃതര്‍ വേറെ ബില്‍ എഴുതി വാങ്ങിയിരുന്നു. എന്നാലിതുവരെ ഈ തുക മൈക്ക് സെറ്റ് ഉടമയ്ക്ക് ലഭിച്ചിട്ടില്ല. പഴയ തുക കിട്ടാതെ വന്നതിനെ തുടര്‍ന്ന് അത് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കൊല്ലവും ജോലി ഏറ്റെടുത്തിരിക്കുകയാണ് ഇയാള്‍.
വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ നല്ല രീതിയില്‍ ശബ്ദവും വെളിച്ചവും നല്‍കിയ ഏറ്റുമാനൂരിലെ മറ്റൊരു മൈക്ക് സെറ്റ് ഉടമയോട് ദേവസ്വം എഴുതി വാങ്ങിയ ബില്‍ അഞ്ച് ലക്ഷം രൂപയുടെത്. എന്നാല്‍ ഇയാള്‍ക്ക് നല്‍കിയത് രണ്ടര ലക്ഷം മാത്രം. ഇതോടെ ക്ഷേത്രത്തിലെ വര്‍ക്ക് ഏറ്റെടുക്കുന്നതില്‍ നിന്നും താന്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് ഇയാള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.