15 February, 2019 06:32:30 PM
തൃശൂര്‍ പൂരത്തെ ഓര്‍മ്മിപ്പിച്ച് കുടമാറ്റം; ഏറ്റുമാനൂരില്‍ നാളെ ആറാട്ട്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട ഉത്സവത്തിന് നാളെ നടക്കുന്ന ആറാട്ടിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ കൊടിയിറങ്ങുന്നതോടെ പരിസമാപ്തിയാകും. ശനിയാഴ്ച മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് ആറാട്ട്. ഏറ്റുമാനൂരപ്പന്‍റെ ആറാട്ട് നടക്കുന്ന അതേസമയം ആറിന് അക്കരെ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്.
ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന ഏറ്റുമാനൂരപ്പനെ കോവില്‍പാടത്ത്നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് ഏഴരപൊന്നാനകളുടെ അകമ്പടിയോടെയാണ്. മകള്‍ സ്ഥാനിയായ പേരൂര്‍കാവ് ഭഗവതിയെ വര്‍ഷത്തിലൊരിക്കല്‍ ഏറ്റുമാനൂരപ്പന്‍ കാണാനെത്തുന്ന ദിനം കൂടിയാണ് ആറാട്ട് നടക്കുന്ന കുംഭമാസത്തിലെ തിരുവാതിര നാള്‍. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന വഴി പേരൂര്‍ ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശൈവവൈഷ്ണവ സംഗമത്തിന്‍റെ ഭാഗമായുള്ള ഇറക്കി പൂജയും ആറാട്ട് സദ്യയും നടക്കും.

ഒമ്പതാം ഉത്സവദിനമായ ഇന്ന് രാവിലെ ശ്രീബലിയ്ക്കും വൈകിട്ട് കാഴ്ചശ്രീബലിയ്ക്കും നടന്ന കുടമാറ്റം തൃശൂര്‍പൂരത്തെ ഓര്‍മ്മിപ്പിക്കുന്നതായി മാറി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിച്ച സ്പെഷ്യല്‍ പഞ്ചാരിമേളം കുടമാറ്റത്തിനും എഴുന്നള്ളിപ്പിനും കൊഴുപ്പേകി.
നാളെ പ്രാദേശിക അവധി
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ തിരുത്സവം പ്രമാണിച്ച് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 16ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരിപാടികളോ പൊതു പരീക്ഷയോ നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ആയതിന് അവധി ബാധകമായിരിക്കുന്നതല്ല.
ഉത്സവപരിപാടികള്‍ നാളെ
രാവിലെ 6.00: പള്ളിക്കുറുപ്പ് ദര്‍ശനം, 7.00 നാമജപാമൃദം, 8.00: സംഗീതസദസ്സ്, 10.00: മഹാപ്രസാദ ഊട്ട്, 11.00: അഷ്ടപദിലയം,11.30: ആറാട്ട് പുറപ്പാട്, 12.00: ഓട്ടന്‍തുള്ളല്‍- കുറിച്ചിത്താനം ജയകുമാര്‍, 1.00: കവിയരങ്ങ്, 1.30 ഭജന്‍സ്, 2.15: സംഗീതസദസ്സ്- ഗീതു ഹരിദാസ്, നീണ്ടൂര്‍, 3.00 അക്ഷരശ്ലോക സദസ്സ്, 3.30 സംഗീതസദസ്സ്, 4.00 നൃത്തനൃത്യങ്ങള്‍, 5.30: തിരുവാതിരകളി, 6.00 നാദസ്വരകച്ചേരി, 10.00: ആറാട്ട് കച്ചേരി - പട്ടാഭിറാം പണ്ഡിറ്റ്, ബാംഗ്ലൂര്‍, രാത്രി 1.00: ആറാട്ട് എതിരേല്പ് (പേരൂര്‍ കവല ആറാട്ട് എതിരേല്പ് മണ്ഡപത്തില്‍), 2.00: ആറാട്ട് എഴുന്നള്ളിപ്പ് (ക്ഷേത്ര മൈതാനത്ത്), 5.30: ആറാട്ട് വരവ്, കൊടിയിറക്ക്