16 January, 2016 04:54:34 PM


ദര്‍ശനസായൂജ്യമേകും ഏഴരപ്പൊന്നാനകള്‍



ദിനേശ് ആര്‍ ഷേണായി


ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം എത്ര കണ്ടാലും മതി വരാത്ത ഒന്നാണ് ഏഴരപ്പൊന്നാന ദര്‍ശനം. വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശന സായൂജ്യമേകുന്ന ഏഴരപ്പൊന്നാനകള്‍ ജാതിമതഭേദമെന്യോ എല്ലാവരെയും ഒരേപോലെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്നു. എട്ടാം ഉത്സവത്തിന് രാത്രി 12 മണിക്ക് ആസ്ഥാന മണ്ഡപത്തിലെ എഴുന്നള്ളിപ്പുസമയം ഭഗവാന്‍റെ മുന്നില്‍ എല്ലാ കുറ്റവും ഏറ്റുപറഞ്ഞ് കാണിക്കയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഏറ്റുമാനൂരപ്പന്‍റെ അനുഗ്രഹ വര്‍ഷമുണ്ടാകുമെന്നാണ് വിശ്വാസം. 

മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം തന്നെ മോക്ഷപ്രാപ്തി എന്നുള്ളതാണല്ലോ. അതിനുള്ള ഏകമാര്‍ഗം മനസ്സിനെ ശുദ്ധീകരിക്കുക എന്നതുതന്നെ. ഇതിനുള്ള അവസരം കൂടിയാണ് ഏഴര പൊന്നാന ദര്‍ശനം എന്നു പറഞ്ഞാല്‍ ഒരു തെറ്റുമില്ല. പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ മനുഷ്യ ശരീരത്തിനെ മുന്നോട്ട് നയിക്കുന്നത് മനസ്സാണ്. ആസ്ഥാന മണ്ഡപത്തില്‍ ഏഴര പൊന്നാന പുറത്തെഴുന്നള്ളി നില്‍ക്കുന്ന ഏറ്റുമാനൂരപ്പന്‍റെ മുന്നിലുള്ള സ്വര്‍ണ കുടത്തില്‍ കാണിക്ക അര്‍പ്പിക്കുക എന്നത് സുപ്രധാനമായ ഒരു ചടങ്ങാണ്.  ഈ സ്വര്‍ണ കുടം മന‌ുഷ്യ മനസ്സാണെങ്കില്‍ അതിലര്‍പ്പിക്കുന്ന ഓരോ നാണയവും മനുഷ്യ മനസ്സിലെ പാപത്തെ ഇല്ലാതാക്കാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായുള്ള പ്രതിജ്ഞയായി കരുതാവുന്നതാണ്. നിര്‍മ്മലമായ മനസ്സിലും കളങ്കമില്ലാത്ത ഹൃദയത്തിലും മാത്രമേ ഈശ്വരസാന്നിദ്ധ്യമുണ്ടാവുകയുള്ളു. തത്വമസി എന്ന വിശ്വവിഖ്യാതമായ ആ വാക്കിന്‍റെ അര്‍ത്ഥം പൂര്‍ണമാകണമെങ്കില്‍ അല്ലെങ്കില്‍ അനുഭവിച്ചറിയണമെങ്കില്‍ മനശുദ്ധി ഉണ്ടായേ തീരൂ. അതിനുള്ള അവസരം കൂടിയാണ് ഏഴര പൊന്നാന ദര്‍ശനം. 

കുംഭമാസത്തിലെ തിരുവാതിര നാളില്‍  ആറാട്ടോടെ സമാപിക്കും വിധമാണ് ഇവിടെ ഉത്സവം കൊടിയേറുക. ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം രോഹിണി നാളില്‍ മാര്‍ച്ച് ഒന്നാം തീയതി അര്‍ദ്ധരാത്രിയില്‍ നടക്കും. ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്‍റെ ബ്രഹ്മഹത്യാ പാപം തീര്‍ത്തുവെന്നാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതനാകുന്ന പരമശിവനെ തൊഴുതു വണങ്ങുന്നത് അത്യധികം ഐശ്വര്യദായകമായിട്ടാണ് ഭക്തര്‍ കരുതുന്നത്. അഷ്ടദിക് ഗജങ്ങളെയാണ് ഏഴര പൊന്നാനകള്‍ പ്രതിനിധീകരിക്കുന്നത്. ഐരാവതം, പുണ്ഡരീകന്‍, കുമുദന്‍, അഞ്ജനന്‍, പുഷ്പദന്തന്‍, സുപ്രതീകന്‍, സാര്‍വ്വഭൗമന്‍, വാമന്‍ എന്നിവയാണ് അഷ്ടദിക് ഗജങ്ങള്‍. രണ്ടടി പൊക്കമുള്ള ഏഴാനയും ഒരടി പൊക്കമുള്ള കുട്ടിയാനയും ചേര്‍ന്നാണ് ഏഴര പൊന്നാനകള്‍. അഷ്ടദിക് ഗജങ്ങളില്‍ വാമനന്‍ ചെറുതായതിനാല്‍ അരപൊന്നാനയാക്കിയതാണത്രേ. വരിക്ക പ്ലാവിന്‍റെ തടിയില്‍ നിര്‍മിച്ച ആനകള്‍ പൊതിയാന്‍ 7143 കഴഞ്ച് സ്വര്‍ണമാണ് ഉപയോഗിച്ചിട്ടുള്ളത്.  

ഏറ്റുമാനൂര്‍ ക്ഷേത്ര ഐതീഹ്യമനുസരിച്ച് ശൈവ വൈഷ്ണവ ശക്തികളുടെ സംഗമസ്ഥാനമാണ് ആസ്ഥാന മണ്ഡപം. ഏഴര പൊന്നാനകളുടെ ഉത്ഭവം സംബന്ധിച്ച് രണ്ടു കഥകളാണ് ഐതിഹ്യത്തിലുള്ളത്. തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ ടിപ്പുസുല്‍ത്താന്‍റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതിന് വഴിപാടായി 7143 കഴഞ്ച് സ്വര്‍ണം കൊണ്ട് ഏഴര ആനകളെ നിര്‍മിച്ച് നടയ്ക്ക് വച്ചുവെന്നാണ് ഒരു ഐതിഹ്യം.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം വടക്കുംകൂര്‍ രാജ്യം ആക്രമിച്ചപ്പോള്‍ ഏറ്റുമാനൂര്‍ ക്ഷേത്രം വക മാധവപ്പള്ളി ദേശത്തിനും കൊട്ടാരത്തിനും നാശനഷ്ടം സംഭവിച്ചു. തുടര്‍ന്നുണ്ടായ അനിഷ്ടങ്ങള്‍ക്ക് പരിഹാരമായി ഏഴര പൊന്നാനകളേയും സ്വര്‍ണത്തില്‍ തീര്‍ത്ത പഴുക്കാകുലയും നടയ്ക്ക് വച്ചു എന്നതാണ് മറ്റൊരു ഐതീഹ്യ. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തിലെ ഏഴരപൊന്നാന ദര്‍ശനം വിശ്വാസത്തിന്‍റെ മായാത്ത മുദ്രയാണ്. ഏഴരപൊന്നാനകളെ പോലെ ക്ഷേത്രത്തിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിട്ടുള്ള പൊന്നിന്‍  കുടയും ഉത്സവത്തിന് മാത്രമാണ് പുറത്തെടുക്കുക.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.5K