10 February, 2016 12:02:04 PM
വിശ്വാസത്തിന്റെ മായാത്ത മുദ്രകള്‍
മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില കുടുംബങ്ങള്‍
ഇന്നും ഇവിടെ ഉണ്ട്. പഴമയില്‍ കുടുംബം, തോട്ടകത്തു കുടുംബം, പണിക്കരു വീട് എന്നിവ
അവയില്‍ പ്രധാനപ്പെട്ട കുടുംബങ്ങളാണ്. ക്ഷേത്രത്തിലെ വിവിധ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അവകാശം ഈ കുടുംബങ്ങള്‍ക്കാണ്. പണ്ട് തേക്കിന്‍
തടിയില്‍ തീര്‍ത്ത കൊടിമരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍
വിശ്വകര്‍മജരായ പഴമയില്‍ കുടുംബത്തില്‍പ്പെട്ട ഒരാള്‍ മരത്തിന് കേടുണ്ടെന്നും
കൊടിമരത്തിന് കൊള്ളില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഇതിനു തെളിവു നല്‍കാനും
അല്ലാത്തപക്ഷം മരണശിക്ഷയ്ക്ക് ഒരുങ്ങാനും ദിവാന്‍ പേഷ്ക്കാര്‍ കല്‍പ്പിച്ചതായും
തുടര്‍ന്ന് അദ്ദേഹം ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ഭഗവാനെ പ്രാര്‍ഥിച്ചശേഷം
തടി അളന്ന് കേടുള്ള ഭാഗം കാണിച്ചു കൊടുത്തെന്നും അവിടം മുറിച്ചപ്പോള്‍
തടിക്കുള്ളില്‍ ഒരു പൊത്തും അതില്‍ കുറെ വെള്ളവും കണ്ടുവെന്നും ഒരു തവള പുറത്തേക്ക്
ചാടിയെന്നും പറയപ്പെടുന്നു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ച് പല പാരിതോഷികങ്ങളും ദിവാന്‍ നല്‍കി.
കൂടാതെ പുതിയ കൊടിമരം സ്ഥാപിക്കാനും ചുമതലപ്പെടുത്തി. പഴമയില്‍ കുടുംബത്തിലെ
പരമേശ്വരന്‍ എന്ന ആശാരിയായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന്റെ
മേല്‍നോട്ടത്തിലാണ് തേക്കിന്‍ തടിയില്‍ തീര്‍ത്ത പുതിയ കൊടിമരം സ്ഥാപിച്ചത്. കൊടിമര
പ്രതിഷ്ഠ ഭംഗിയാക്കിയതിന് അദ്ദേഹത്തെയും കുടുംബത്തെയും ക്ഷേത്രത്തിന്റെ നിര്‍മാണ
പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിക്കുകയും ചില അവകാശങ്ങള്‍ നല്‍കുകയും ചെയ്തു.
ഇതനുസരിച്ച് എല്ലാ ഉത്സവത്തിനും കൊടിയേറ്റു സമയത്ത് ഒരു പറ നെല്ലും ഇടങ്ങഴി അരിയും
ഇവര്‍ക്ക് അവകാശമായി ലഭിച്ചിരുന്നു. കൂടാതെ ദിവസവും രണ്ടു പടച്ചോറും പായസവും
അനുവദിച്ചിരുന്നു. കൂടാതെ ക്ഷേത്ര ജോലികള്‍ക്കായി ക്ഷേത്രത്തിന് സമീപം
താമസിക്കുന്നതിന് പറമ്പ് പതിച്ചു നല്‍കി.
ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള മറ്റൊരു വിശ്വകര്‍മ്മ കുടുംബമാണ് തോട്ടകത്ത്
കുടുംബം. ഒരിക്കല്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ നടന്നപ്പോള്‍ ബിംബം ഉറയ്ക്കാതെ
വരികയും ആ സമയം അതിലെ വന്ന തോട്ടകത്ത് കുടുംബക്കാരന്‍ ചില പച്ചിലകളുടെ നീര്
ബിംബനാളത്തില്‍ ഒഴിച്ചശേഷം ബിംബം വച്ചപ്പോള്‍ ഉറച്ചതായും സംപ്രീതരായ രാജാവും
ഭാരവാഹികളും ആശാരിക്കും കുടുംബത്തിനും താമസിക്കുന്നതിനായി ഏഴര മുറി പുരയിടം
കരമൊഴിവായി കൊടുത്തു എന്നും ഭഗവാനെ തൊട്ടതിനാല്‍ തൊട്ട അകത്ത് ആശാരി എന്ന്
പേരിടുകയും വീരശൃംഖല, പൊന്നിന്‍നാരായം, കുടുംബപെന്‍ഷന്‍ എന്നിവ കൊടുക്കുകയും
ചെയ്തു. കുടുംബപെന്‍ഷന്‍ അടുത്തകാലം വരെ അനന്തര അവകാശികള്‍ കൈപ്പറ്റിയിരുന്നു.
തമിഴ്നാട്ടിലെ ശങ്കരന്‍ കോവിലില്‍നിന്ന് അഞ്ച് തലമുറ മുന്‍പ് ഏറ്റുമാനൂര്‍
ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പണിക്കായി എത്തിയതാണ് പണിക്കരു വീട്ടുകാര്‍.
ക്ഷേത്രത്തിലെ പണി പൂര്‍ത്തിയായപ്പോള്‍ പ്രധാന പണിക്കാരനായിരുന്ന കണ്ണു ആചാരിക്ക്
പാരിതോഷികമായി കുറെ നെല്‍പ്പാടങ്ങളും കരഭൂമിയും വീടും കരമൊഴിവാക്കി നല്‍കിയിരുന്നു.
അമ്പലത്തിന്റെ കിഴക്കേനടയില്‍ തെക്കോട്ടുനീണ്ടു കിടക്കുന്ന ഇടുക്കുടി പാടവും
പാടത്തിന്റെ കിഴക്കേ അതിരും ചേര്‍ന്ന് കിടക്കുന്ന പുരയിടവുമാണിവ. കണ്ണു ആചാരിയുടെ
പിന്‍ഗാമികള്‍ ഇപ്പോഴും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്. പണിക്കര്‍ ഇരുന്നു പണി
ചെയ്തിരുന്ന സ്ഥലമായതിനാലാണ് ഈ വീട് പണിക്കരു വീടെന്ന് അറിയപ്പെട്ടത്. ഇവര്‍ക്കും
അമ്പലത്തില്‍ നിന്ന് അവകാശങ്ങള്‍ കിട്ടിയിരുന്നു.




